 ഇന്ന് വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കും

മണ്ണാർക്കാട്: നഗരത്തിലെ ഗതാഗതം നരകതുല്യമായ സാഹചര്യത്തിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് തയ്യാറെടുക്കുകയാണ് വ്യാപാരികളും വിവിധ സംഘടനകളും. ഇന്ന് കടകളടച്ച് പ്രതിഷേധിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റ് ആഹ്വാനം ചെയിതിട്ടുണ്ട്. ഇതോടൊപ്പം രാവിലെ 9ന് പ്രകടനവും യോഗവും നടക്കും.

പരമാവധി സംയമനം പാലിച്ച വ്യാപാരികളുടെ ക്ഷമ പരീക്ഷിക്കുന്ന നടപടികളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇതിനെതിരെയുള്ള അതിശക്തമായ പ്രതിഷേധമാണ് ഇന്ന് നടക്കുകയെന്ന് നേതാക്കളായ ബാസിത് മുസ്ലിം, രമേശ് പൂർണിമ, പി.യു ജോൺസൺ എന്നിവർ അറിയിച്ചു.

 രാപ്പകൽ സമരവുമായി യൂത്ത് ലീഗ്

ദേശീയപാത വികസന പ്രവർത്തികളുടെ ഭാഗമായി നഗരത്തിൽ തുടങ്ങിവെച്ച റോഡ് നവീകരണത്തിന്റെ സ്തംഭനാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി 27, 28 തിയതികളിൽ നഗരത്തിൽ രാപ്പകൽ സമരം നടത്തും. കരാർ സൊസൈറ്റിയും കൺസൾട്ടൻസിയും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാറും ദേശീയപാതാ വിഭാഗവും കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു. യോഗം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ കോൽകളത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അർസൽ എരേരത്ത് അധ്യക്ഷത വഹിച്ചു.

 പണിമുടക്കിനൊരുങ്ങി ബസ് സർവീസ് ഓപ്പറേറ്റേഴ്‌സ്

നഗരത്തിലൂടെയുള്ള യാത്ര ദുസഹമാണെന്ന് ബസ് സർവീസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഒരു റൂട്ട് പൂർത്തിയാകുന്നതോടെ ഭാരിച്ച ചിലവാണ് ബസുകളുടെ അറ്റകുറ്റ പണികൾക്ക് വേണ്ടതെന്ന് ബസ് ഉടമയും ജനറൽ സെക്രട്ടറിയുമായ ഫിഫ മുഹമ്മദലി പറഞ്ഞു. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നീളുന്നതിനെതിരെ ആഗസ്റ്റ് 12 ന് സൂചന സമരം നടത്തുമെന്ന് പ്രസിഡന്റ് ഉസ്മാൻ ആമ്പാത്ത് അറിയിച്ചു. വർഗ്ഗീസ്, വേണുഗോപാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 ദേശീയപാതയിൽ ഞാറുനട്ട് എ.ഐ.വൈ.എഫ്

ദേശീയപാത അതോറിട്ടിയുടെയും ഊരാളുങ്കൽ കൺസ്ട്രക്ഷൻ കമ്പനിയുടെയും അനാസ്ഥയിലും മണ്ണാർക്കാട് നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിലും പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് മണ്ണാർക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിൽ ഞാറുനട്ട് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് പി.നൗഷാദ് ഉദ്ഘാടനം ചെയ്തു. സുരേഷ് കൈതച്ചിറ, ദിനോപ്, കബീർ, മുസ്തഫ, സത്യൻ, ഭരത് എന്നിവർ നേതൃത്വം നൽകി.