വടക്കഞ്ചേരി: പ്രളയ ദുരിതാശ്വാസമായി ക്ഷീര മേഖലയിലെ പുരോഗതിക്കായി 12.98 കോടി രൂപയുടെ പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നു. ദേശീയ ക്ഷീര വികസന പദ്ധതിയുടെ ഭാഗമായി മിൽമ, മലബാർ മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയന്റെ നേതൃത്വത്തിലാണ് കർഷകർക്കും ക്ഷീരസംഘങ്ങൾക്കും സഹായകമാകുന്ന പദ്ധതികൾ ജില്ലയിൽ നടപ്പിലാക്കുന്നതെന്ന് പി ആന്റ് ഐ യൂണിറ്റ് മേധാവി ആർ.സുരേഷ് പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി പട്ടാമ്പി, പാലക്കാട് യൂണിറ്റുകളിലായി 8750 കർഷകർക്ക് പശുക്കൾക്ക് കിടക്കാനുള്ള റബ്ബർ മാറ്റ് 750 രൂപ സബ്‌സിഡിയോടെ നൽകും. കൂടാതെ 2500 കർഷകർക്ക് സംഘങ്ങളിൽ പാൽ കൊണ്ടു പോകുന്നതിനുള്ള പത്ത് ലിറ്ററിന്റെ സ്റ്റീൽ തൂക്കു പാത്രവും വിതരണം ചെയ്യും. പ്രളയത്തിൽ പൂർണ്ണമായും നശിച്ച 167 തൊഴുത്തുകൾ പുനർനിർമ്മിക്കുന്നതിന് 50,000 രൂപയും, ഭാഗികമായി തകർന്ന 101 തൊഴുത്തുകൾ നന്നാക്കുന്നതിനായി 30,000 രൂപയും നൽകും.

പദ്ധതിയുടെ ഭാഗമായി പശു നഷ്ടപ്പെട്ട 54 കർഷകർക്ക് 60,000 രൂപ പശു വാങ്ങുന്നതിനും 24 കർഷകർക്ക് 30,000 രൂപ വീതം കിടാരി വാങ്ങുന്നതിനുമുള്ള ധനസഹായ വിതരണവും പൂർത്തിയായി. മിൽമയുടെ നേതൃത്വത്തിൽ ജില്ലയിലെ 175 ക്ഷീരസംഘങ്ങൾ ഒരേ നിറം നൽകി നവീകരിക്കുന്നതിനായി ഒരു സംഘത്തിന് 50,000 രൂപ വീതം ധനസഹായം നൽകും. മലബാർ മേഖലയിൽ കാസർകോഡ് ഒഴികെയുള്ള ജില്ലകളിൽ മേഖലാ യൂണിയന്റെ നേതൃത്വത്തിൽ ക്ഷീരവികസന പദ്ധതി പ്രകാരം 18.71 കോടി രൂപയുടെ പദ്ധതികളാണ് പ്രളയ ദുരിതാശ്വാസമായി നടപ്പിലാക്കുന്നത്.


-മറ്റു പദ്ധതികൾ
.കറവ യന്ത്രങ്ങൾ
.പുല്ലുവെട്ട് യന്ത്രം
.ഓട്ടോ മാറ്റിക് മിൽക് കളക്ഷൻ യൂണിറ്റ്
.ക്ഷീരസംഘങ്ങളെ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തൽ

.സംഘങ്ങളുടെ പുനരുദ്ധാരണം