പാലക്കാട്: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ പ്രതിരോധ കുത്തിവയ്പ് എടുത്തത് 24,011 കന്നുകാലികൾക്ക്. ജില്ലയിലാകെ 1,65,904 കന്നുകാലികൾക്കാണ് കുത്തിവയ്പ്പെടുക്കേണ്ടത്. കാലികൾക്ക് പുറമെ പന്നി, എരുമ എന്നിവയ്ക്കും കുത്തിവയ്പ് എടുക്കുന്നുണ്ട്.
9191 എരുമകളിൽ 508 എണ്ണത്തിനും 4138 പന്നികളിൽ 530 എണ്ണത്തിനും കുത്തിവയ്പ്പെടുത്തു. കഴിഞ്ഞ 18നാണ് ജില്ലാതല ഉദ്ഘാടനം നടന്നത്. കുത്തിവയ്പിനായി 220 സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ഇവർ വീടുകളിൽ ചെന്നാണ് കുത്തിവയ്പ് നടത്തുന്നത്.
കൂടാതെ മിക്കയിടങ്ങളിലും ക്ഷീര സംഘങ്ങളുടെ നേതൃത്വത്തിലും ഇതിനായി സൗകര്യം ഒരുക്കുന്നുണ്ട്. ആഗസ്റ്റ് 12 വരെയാണ് പ്രതിരോധ യജ്ഞം. മൂന്ന് മാസത്തിന് മുകളിൽ പ്രായമുള്ള കന്നുകാലികൾക്കാണ് കുത്തിവയ്പ്. ഏഴുമുതൽ ഒമ്പതുമാസം വരെ ഗർഭമുള്ളവയ്ക്കും രോഗമുള്ളവയ്ക്കും കുത്തിവയ്പ് ഒഴിവാക്കിയിട്ടുണ്ട്. പത്തുരൂപ ഫീസ് ഈടാക്കും. ഇതിനുള്ള രസീതും നൽകും.
കുത്തിവയ്പ് നിർബന്ധം
കുത്തിവയ്പിലൂടെ പാൽ കുറയുമെന്നുള്ള ആശങ്ക മൂലം പല ക്ഷീരകർഷകരും സ്ക്വാഡിനെ തിരിച്ചയക്കുന്നു. കുത്തിവയ്പിന് ശേഷം രണ്ടുദിവസം മാത്രമേ നേരിയ തോതിൽ പാൽ കുറയൂ. തുടർന്ന് പഴയ അളവിൽ ലഭിക്കും. കുത്തിവയ്പ് നടത്താതെ രോഗം ബാധിച്ചാൽ പാൽ പൂർണമായി ലഭിക്കാതാകും. അതിനാൽ നിർബന്ധമായി കുത്തിവയ്പ് നടത്തണം. പ്രശ്നങ്ങൾ പരിഹരിക്കാനായി താലൂക്ക് തലത്തിൽ എമർജൻസി സെൽ രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 12നുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
-ജോജു ഡേവിസ്, പി.ആർ.ഒ, മൃഗസംരക്ഷണ വകുപ്പ്, പാലക്കാട്