monkey
ഉമ്മർക്കാന്റെ ചായക്കടയിൽ ഇരിക്കുന്ന വാനരൻ.

മണ്ണാർക്കാട്: പെരിമ്പടാരി പോത്തോഴിക്കാവ് റോഡിലുള്ള ഉമ്മറിന്റെ ചായക്കടയിൽ രാവിലെ ഏഴിന് ഒരു കസ്റ്റമറെത്തും. ഒരാഴ്ചയോളമായി പരിസരത്ത് തമ്പടിച്ചിരിക്കുന്ന വാനരനാണ് ഈ കസ്റ്റമർ. ഉമ്മർ നൽകുന്ന സ്‌ട്രോംഗ് ചായയും ഒരു പഴവും നാട്ടുകാർക്കൊപ്പം ഇരുന്ന് കഴിക്കും. ഇതിനിടയിൽ സെൽഫി അടക്കമുള്ള ഫോട്ടോ സെഷനും നിന്നുകൊടുക്കും.

ഇതുവരെ ഒരു ഉപദ്രവവും ഉണ്ടാക്കിയിട്ടില്ല എന്ന് മാത്രമല്ല ആളുകളോട് നല്ല ഇണങ്ങിയ മട്ടിലുമാണ് പെരുമാറ്റം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന പെരുമാറ്റമായതിനാൽ ഭക്ഷണവും ഇഷ്ടം പോലെ ലഭിക്കുന്നുണ്ട്. മനുഷ്യർ കഴിക്കുന്നതു പോലെ നേന്ത്രപ്പഴവും മറ്റും തൊലി കളഞ്ഞാണ് കഴിക്കുന്നത്.

പകൽ സമീപ സ്ഥലങ്ങളിൽ ചുറ്റി നടക്കും. കുറച്ചു കാലമായി കാഞ്ഞിരം, ഒന്നാം മൈൽ ഭാഗങ്ങളിൽ കണ്ടിരുന്ന വാനരൻ തന്നെയാണിതെന്നാണ് സൂചന. എന്തായാലും ചായക്കടയിൽ എത്തുന്ന വാനരൻ കുട്ടികൾക്കും നാട്ടുകാർക്കും ഏറെ കൗതുകമാണ്.

പെരിമ്പടാരി പോത്തോഴിക്കാവ് റോഡിലുള്ള ഉമ്മറിന്റെ ചായക്കടയിൽ വിരുന്നെത്തിയ വാനരൻ