പാലക്കാട്: ജില്ലയിലെ പഞ്ചായത്തുകളിൽ കെട്ടിടനിർമ്മാണ അനുമതിക്കായി ലഭിച്ച അപേക്ഷകൾ തീർപ്പാക്കാനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ ആദ്യ ദിനം 611 അപേക്ഷകൾ പരിഗണിച്ചു. കൊപ്പം, ആനക്കര, ചാലിശ്ശേരി, കപൂർ, കുലുക്കല്ലൂർ, തിരുമിറ്റക്കോട്, നാഗലശ്ശേരി, ഓങ്ങല്ലൂർ, പരുതൂർ, പട്ടിത്തറ, തിരവേഗപ്പുറ, വിളയൂർ, അമ്പലപ്പാറ, അനങ്ങനടി, ചളവറ, കടമ്പഴിപ്പുറം, കേരളശ്ശേരി, ലക്കിടി പേരൂർ, മണ്ണൂർ, പൂക്കോട്ടുകാവ്, നെല്ലായ, ശ്രീകൃഷ്ണപുരം, വല്ലപ്പുഴ, വാണിയംകുളം, വെളളിനേഴി, തൃക്കടീരി, ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട അപേക്ഷകളാണ് പരിഗണിച്ചത്.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി.വിജയൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എം. രാമൻകുട്ടി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗിരീഷ് കുമാർ, ടൗൺ പ്ലാനിങ് ഓഫീസർ വി.ഗോപി, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സിന്ധു എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് അദാലത്തിന് മേൽനോട്ടം വഹിച്ചത്.

വീടുകൾ, കടമുറികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കായുള്ള അനുമതി ആവശ്യപ്പെട്ടായിരുന്നു മിക്ക അപേക്ഷകളും. കേരള ലാൻഡ് യൂസ് ബോർഡ് അനുമതി ലഭിക്കാത്തതിനാൽ പഞ്ചായത്തിൽ നിന്നും അനുമതി നൽകാതിരുന്ന അപേക്ഷകൾ ആയിരുന്നു ഭൂരിഭാഗവും. കൂടാതെ ഡാറ്റാ ബാങ്കിൽ തെറ്റായി ഉൾപ്പെട്ടതായി കണക്കാക്കിയിരുന്ന പ്രദേശങ്ങളിലെ അപേക്ഷകളും ഉണ്ടായിരുന്നു. പഞ്ചായത്ത് തല നിരീക്ഷക സമിതിയുടെ അംഗീകാരത്തിനായി ഇവ സമർപ്പിക്കാൻ നിർദ്ദേശിച്ചു.

പഞ്ചായത്ത് രാജ് ആക്ട് (220 ബി) പ്രകാരം മൂന്നു മീറ്റർ റോഡ് അകലം പാലിക്കാത്ത കെട്ടിടങ്ങൾക്കുള്ള അപേക്ഷകളും അദാലത്തിൽ എത്തിയിരുന്നു. തീപിടുത്തം ഉണ്ടാകുമ്പോൾ പ്രതിരോധിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താത്ത കെട്ടിടങ്ങൾ, വീടിന് മുൻവശം, പിൻവശം, എന്നിവിടങ്ങളിൽ സ്ഥലത്തിന്റെ അതിരുമായി കൃത്യമായ അകലം പാലിക്കാത്തവ തുടങ്ങി കെട്ടിട നിർമാണത്തിലെ ചട്ടങ്ങൾ കൃത്യമായി പാലിക്കാത്ത കെട്ടിടങ്ങൾക്ക് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും നിർദ്ദേശങ്ങൾ നൽകി. ചില അപേക്ഷകൾ ജില്ലാ കളക്ടറുടെയും ജില്ലാ നിരീക്ഷക സമിതിയുടെയും അനുമതിക്കായി സമർപ്പിച്ചു. ജില്ലയിൽ ഒട്ടാകെ ലഭിച്ച 1227 അപേക്ഷകളാണ് മൂന്നുദിവസമായി നടക്കുന്ന അദാലത്തിൽ പരിഗണിക്കുക.