ചെർപ്പുളശ്ശേരി: നഗരത്തിൽ പൊലീസും നഗരസഭയും നടപ്പാക്കിയ ഗതാഗത പരിഷ്‌കരണങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്നും ആക്ഷേപമുയർന്ന സാഹചര്യത്തിൽ പി.കെ.ശശി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പ്രത്യേകയോഗം ചേർന്നു. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യപാരികളും ഓട്ടോ തൊഴിലാളികളും എം.എൽ.എക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം.
നഗരത്തിൽ ദീർഘനേരം വാഹനങ്ങൾ നിറുത്തി മറ്റുപ്രദേശങ്ങളിൽ പോയിവരാൻ അനുവദിക്കില്ല. കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് അൽപ്പനേരം കടകൾക്കു മുന്നിൽ വാഹനം നിർത്തിയിടുന്നത് അനുവദിക്കണമെന്ന് ആവശ്യമുയർന്നു. അഞ്ചാം സ്റ്റാന്റിൽ ഓട്ടോറിക്ഷകൾ ബസിൽ നിന്ന് വരുന്നവർക്ക് കാണുന്ന തരത്തിൽ നിർത്താം. ചരക്കുമായി വരുന്ന വലിയ ലോറികൾക്ക് ഉച്ചക്ക് 12 മുതൽ 3 മണിവരെയും രാത്രികാലങ്ങളിലും ചരക്കിറക്കാം. അഞ്ചാം സ്റ്റാന്റിൽ മൂന്ന് ഓട്ടോറിക്ഷകൾ പുറകിലേക്ക് മാറ്റി നിർത്തണമെന്നത് ഒന്നായി ചുരുക്കും. യോഗത്തിലെ ഈ തീരുമാനങ്ങൾ പൊലീസുമായി സംസാരിച്ച് നടപ്പാക്കുമെന്ന് എം.എൽ.എ.പറഞ്ഞു.
സി.പി.എം ലോക്കൽ സെക്രട്ടറി കെ.നന്ദകുമാർ, നഗരസഭാ കൗൺസിലർ കെ.കൃഷ്ണദാസ്, സി.ബാലകൃഷ്ണൻ, പി.എ.ഉമ്മർ, വ്യാപാരി നേതാക്കൾ,ഓട്ടോ തൊഴിലാളികൾ, ചുമട്ടുതൊഴിലാളി യൂണിയൻ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.