പാലക്കാട്: ഒറ്റപ്പാലം നഗരസഭയിൽ നടന്ന മോഷണക്കേസിൽ പ്രതിചേർക്കപ്പെട്ട സ്ഥിരംസമിതി അദ്ധ്യക്ഷയ്ക്കെതിരെ അവിശ്വാസപ്രമേയ നീക്കത്തിനൊരുങ്ങി പ്രതിപക്ഷം. യു.ഡി.എഫും സ്വതന്ത്രമുന്നണിയും ചേർന്നാണ് വിദ്യാഭ്യാസ, കലാ - കായിക സ്ഥിരംസമിതി അദ്ധ്യക്ഷ ബി.സുജാതക്കെതിരെ അവിശ്വാസ പ്രമേയത്തിന് നഗരകാര്യ റീജണൽ ജോയിന്റ് ഡയറക്ടർക്ക് അപേക്ഷ നൽകിയിരിക്കുന്നത്.

സി.പി.എം നേതൃത്വം നൽകുന്ന സമിതിയിൽ സ്ഥിരംസമിതി അദ്ധ്യക്ഷ ഉൾപ്പടെ ആകെ അഞ്ച് അംഗങ്ങളാണുള്ളത്. സി.പി.എമ്മിന് രണ്ടും യു.ഡി.എഫിനും സി.പി.എം വിമതരായ സ്വതന്ത്രമുന്നണിക്കും ബി.ജെ.പിക്കും ഒന്നുവീതം അംഗങ്ങളുണ്ട്. ഇതിൽ കോൺഗ്രസ് കൗൺസിലറായ മനോജ് സ്റ്റീഫനും സ്വതന്ത്രമുന്നണി കൗൺസിലറായ ആർ.രൂപ ഉണ്ണിയുമാണ് ആവിശ്വാസ പ്രമേയം ആവശ്യപ്പെട്ട് നഗരകാര്യ ഓഫീസിനെ സമീപിച്ചത്. അവിശ്വാസം വിജയിച്ചാൽ സി.പി.എമ്മിന് ഒറ്റപ്പാലം നഗരസഭയിൽ ഒരു സ്ഥിരംസമിതി അദ്ധ്യക്ഷ സ്ഥാനം നഷ്ടമാകും.

നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയുടെ പണം മോഷ്ടിച്ച കേസിൽ ബി.സുജാതയെ പൊലീസ് പ്രതിചേർത്തിരുന്നു. ഈ അവസരം മുതലാക്കിയാണ് സ്ഥിരംസമിതി പിടിച്ചെടുക്കാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.
സുജാതയും 12ാംവാർഡ് കൗൺസിലറായ ബിന്ദുവുമാണ് സി.പി.എം കൗൺസിലർമാർ. വി.എസ്.കൃഷ്ണകുമാരിയാണ് ഏക ബി.ജെ.പി കൗൺസിലർ. ബി.സുജാത ഹാജരാകാതിരുന്നാൽ സി.പി.എമ്മിന്റെ അംഗങ്ങളുടെ എണ്ണം ഒന്നാകും. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് വോട്ട് ചെയ്താൽ അവിശ്വാസം വിജയിക്കുകയും ചെയ്യും. നിലവിൽ സ്വതന്ത്രമുന്നണിയുടെ പിന്തുണയോടെ ഭൂരിപക്ഷം നേടിയാണ് ബി.സുജാത വിദ്യാഭ്യാസ സ്ഥിരംസമിതിയുടെ അദ്ധ്യക്ഷയായത്. അവിശ്വാസ പ്രമേയത്തിന് സ്വതന്ത്രമുന്നണിയും ചേർന്ന് അപേക്ഷ നൽകിയതോടെ സി.പി.എമ്മിന് ഈ പിന്തുണ നഷ്ടമാകുമെന്ന് ഉറപ്പായി.