കൊല്ലങ്കോട്: കേസന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ ബഹുമതിയുടെ പൊൻതിളക്കത്തിലാണ് കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ. സി.ഐ കെ.പി.ബെന്നി ഉൾപ്പെടെ ആറുപേരാണ് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്രയിൽ നിന്നും ബാഡ്ജ് ഓഫ് ഓണർ ബഹുമതി കൈപ്പറ്റിയത്. ജില്ലയിൽ തന്നെ മറ്റൊരു സ്റ്റേഷനിലും ഇത്രയധികം ഉദ്യോഗസ്ഥർ ബഹുമതി നേടിയിട്ടില്ല.

കുറ്റാന്വേഷണ രംഗത്തെ മികവിനും പ്രതികളെ കുറഞ്ഞ കാലയളവിനുള്ളിൽ പിടികൂടിയതുമാണ് ഇവരെ അംഗീകാരത്തിന് അർഹമാക്കിയത്. ബെന്നിയെ കൂടാതെ എസ്.സി.പി.ഒമാരായ പി.ഗണേശൻ, വി.രാജേഷ്, സി.പി.ഒമാരായ എസ്.ജജോ, എസ്.നൗഷാദ് ഖാൻ, കെ.ശിവപ്രകാശ് എന്നിവർക്കാണ് അംഗീകാരം.

കൊല്ലങ്കോട് സ്റ്റേഷൻ പരിധിയിൽ നടന്ന തട്ടിക്കൊണ്ടുപോകൽ, പീഡനം, മോഷണം, പിടിച്ചുപറി, കുട്ടികൾക്കും സ്ത്രീകൾക്കുനേരെയുള്ള അതിക്രമം എന്നീ കേസുകളിലെ പ്രതികളെ പിടികൂടിയതും സംസ്ഥാനാതിർത്തി കേന്ദ്രീകരിച്ച് നടക്കുന്ന ലഹരികടത്ത് സംഘങ്ങളെ അമർച്ച ചെയ്തതും ഉദ്യോഗസ്ഥരുടെ മികവാണ്.

സുഹൃത്തുമായി മീങ്കരഡാം കാണാനെത്തിയ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കരടിക്കുന്നിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ രണ്ടുദിവസത്തിനുള്ളിലാണ് സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. മീങ്കരഡാമിലെത്തിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ച കേസിലെ പ്രതികളെയും 48 മണിക്കൂറിനുള്ളിൽ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞു എന്നത് പ്രശംസനീയമാണ്. ഇതുകൂടാതെ കുപ്രസിദ്ധ മോഷ്ടാവ് കണ്ണമ്പ്ര സുലൈമാനെ പിടികൂടിയതിലൂടെ 12 ഓളം മോഷണക്കേസുകൾക്ക് തുമ്പുണ്ടാക്കാനും പൊലീസിന് കഴിഞ്ഞിരുന്നു ഇതെല്ലാം പരിഗണിച്ചാണ് ആറംഗ സംഘത്തെ ആദരിക്കാൻ സംസ്ഥാന പൊലീസ് സേന തീരുമാനിച്ചത്. കൊല്ലങ്കോട് സ്റ്റേഷനിലേക്ക് സ്ഥലമാറ്റം ലഭിച്ച് എത്തിയ എസ്.ഐ പി.സി.സുനിലിന് ഇരട്ട ബാഡ്ജ് ഓഫ് ഓണർ ബഹുമതി ലഭിച്ചത് ഇരട്ടി മധുരമാണ്. ആലപ്പുഴയിലെ കരിയിലകുളങ്ങര ജലജ കൊലക്കേസ്, ചാലക്കുടി ഇടശ്ശേരി ജ്വല്ലറി കവർച്ച കേസ് എന്നിവയാണ് സനിലിനെ അംഗീകാരത്തിന് അർഹനാക്കിയത്.