മംഗലംഡാം: ഓട്ടുപാറയിലെ ജനവാസ മേഖലയിൽ പുലിയിറങ്ങി. നാട്ടുകാർ ഭീതിയിൽ. പ്രദേശവാസിയായ മരതനാട്ടെ ബിജു വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ തന്റെ കൃഷിയിടത്തിലേക്ക് വന്നപ്പോഴാണ് രണ്ട് പ്ലാറ്റ് ഫോമുകൾക്ക് താഴെയായി പുലികിടക്കുന്നത് കണ്ടത്.
പതുക്കെ ശബ്ദമുണ്ടാക്കാതെ പിന്തിരിഞ്ഞ് ഓടിയ ബിജു ഉടനെ വാർഡ് മെമ്പർ സന്തോഷ് ഡൊമിനിക്കിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പക്ഷേ, പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ആറുമാസം മുമ്പും ഇവിടെ പുലിയെ കണ്ടാതായി നാട്ടുകാരും വനപാലകരും പറഞ്ഞു.
ചുറ്റു ഭാഗം കാട് മൂടി കിടക്കുന്നത് കൊണ്ട് പുലിയുടെ സാന്നിദ്ധ്യം ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്നും ടാപ്പിംഗ് തൊഴിലാളികളും മറ്റും അതീവ ജാഗ്രത പാലിക്കണമെന്നും വളർത്ത് മൃഗങ്ങളെ ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥന്മാർ നാട്ടുകാരെ അറിയിച്ചു. കരിങ്കയം സ്റ്റേഷനിലെ ഫോറസ്റ്റർ സലീം, ബി.എഫ്.ഒമാരായ മോഹൻ ദാസ്, കണ്ണൻ, വാച്ചർമാരും സംഘത്തിലുണ്ടായിരുന്നു.