വടക്കഞ്ചേരി: കെ.എസ്.ഇ.ബിയുടെ 'ഫിലമെന്റ് രഹിത കേരളം' പദ്ധതിയുടേതെന്ന് പറഞ്ഞ് സ്വകാര്യ കമ്പനിയുടെ എൽ.ഇ.ഡി.ബൾബ് വില്പന വ്യാപകം. കുനിശ്ശേരി വൈദ്യുതി സെക്ഷനിലെ കൂട്ടാല, നെല്ലിയാമ്പാടം, മഞ്ഞളൂർ പ്രദേശങ്ങളിൽ നിരവധിപേരാണ് ഇതുവാങ്ങി കബളിപ്പിക്കപ്പെട്ടത്. മീറ്റർ റീഡർമാർ റീഡിംഗ് എടുക്കാൻ വീടുകളിൽ എത്തിയപ്പോഴാണ് തട്ടിപ്പ് നടന്നതായി ജനങ്ങൾ അറിയുന്നത്.
കെ.എസ്.ഇ.ബിയിൽ നിന്നാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയാണ് ബൾബ് വില്പനക്കാർ വീടുകളിൽ എത്തുന്നത്. എൽ.ഇ.ഡി ബൾബിന് ബുക്ക് ചെയ്തിരുന്നില്ലേ എന്ന ചോദ്യമാണ് അടുത്തത്. ഉണ്ട് എന്നാണ് മറുപടിയെങ്കിൽ ബൾബ് കൊണ്ടുവന്നിട്ടുണ്ടെന്ന് പറയും. ഇല്ല എന്നാണ് മറുപടിയെങ്കിൽ, കുഴപ്പമില്ല ബൾബ് വേണമെങ്കിൽ വാങ്ങാം എന്നാകും മറുപടി.
150 രൂപയുടെ ബൾബ് 90 രൂപയ്ക്കാണ് കെ.എസ്.ഇ.ബി നൽകുന്നതെന്ന് പറഞ്ഞാണ് കച്ചവടം. രസീതോ വാറണ്ടി കാർഡോ ഫോൺ നമ്പരുള്ള രേഖയോ നൽകുകയില്ല. മഞ്ഞളൂരിലെ ഒരു വീട്ടിൽ ഇവർ എത്തിയപ്പോൾ വീട്ടുകാർ കയ്യിൽ വൈദ്യുതി ബിൽ അടയ്കാൻ സൂക്ഷിച്ച 450 രൂപമാത്രമാണ് ഉള്ളതെന്നും പിന്നീട് വാങ്ങാമെന്നും പറഞ്ഞു. ബൾബ് വാങ്ങുകയാണെങ്കിൽ ഇത്തവണ വൈദ്യുതി ബിൽ അടയ്‌ക്കേണ്ടതില്ല എന്നു പറഞ്ഞാണ് അഞ്ച് ബൾബ് അവരെക്കൊണ്ടു വാങ്ങിപ്പിച്ചത്. മീറ്റർ റീഡർ വന്നപ്പോഴാണ് തട്ടിപ്പിന് ഇരയായകാര്യം അറിയുന്നത്.
പാരാക്‌സ് എന്ന പേരിലുള്ള കമ്പനിയുടെ ബൾബാണ് ഇങ്ങനെ വിറ്റഴിക്കുന്നത്. കുനിശ്ശേരി സെക്ഷനിലെ അമ്പതോളം പേരാണ് തട്ടിപ്പിനിരയായത്. ഈ കമ്പനിയെപ്പറ്റി ഗൂഗിളിൽ വിവരം നോക്കിയപ്പോൾ 30 രൂപയാണ് ബൾബിന്റെ വിലയെന്നും ഓൺലൈനിൽ ബുക്കുചെയ്യാമെന്നുമാണ് കണ്ടതെന്ന് കുനിശ്ശേരി സെക്ഷനിലെ മീറ്റർ റീഡർ പ്രദീപ് പറഞ്ഞു.
.ഫിലമെന്റ് രഹിത പദ്ധതി
കെ.എസ്.ഇ.ബിയുടെ ഫിലമെന്റ് രഹിത പദ്ധതിയിൽ 20 എൽ.ഇ.ഡി ബൾബ് വരെയാണ് ഒരു ഉപഭോക്താവിന് കിട്ടുക. സെക്ഷൻ ഓഫീസുകളിൽ ജൂലായ് 31വരെ ഇതിനുള്ള രജിസ്‌ടേഷൻ നടത്താം. പരമാവധി 65 രൂപവരെയായിരിക്കും ഒരെണ്ണത്തിന്റെ വില. രജിസ്‌ട്രേഷൻ അവസാനിച്ചശേഷം വിലയും ലഭിക്കുന്ന തീയ്യതിയും ഉപഭോക്താക്കളെ അറിയിക്കും. ബാലസുബ്രഹ്മണ്യൻ, സബ് എൻജിനീയർ.
.സമാനമായ തട്ടിപ്പ് കഴിഞ്ഞ വർഷവും
കഴിഞ്ഞവർഷം മുടപ്പല്ലൂർ സെക്ഷനിലെ ഉപഭോക്താക്കൾ സമാനമായ തട്ടിപ്പിനരയായി. ബൾബ് വാങ്ങി ഉപയോഗിച്ച് പത്ത് ദിവസത്തിനകം മിക്കവയും ഫ്യൂസായി. കെ.എസ്.ഇ.ബി നൽകിയ ഒരു വർഷം ഗ്യാരണ്ടിയുള്ള ബൾബാണെന്ന് കരുതി ഉപഭോക്താക്കൾ മാറ്റിവാങ്ങാൻ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം അറിയുന്നത്.