pineapple
പൈനാപ്പിൾ കൃഷി

ഒറ്റപ്പാലം: നാലഞ്ച് വർഷം മുമ്പാണ് ഇടുക്കിയുടെ കുന്നുറിങ്ങി കരിമ്പനകളുടെ മണ്ണിലേക്ക് മധുര പ്രതീക്ഷകളുമായി പൈനാപ്പിൾ കൃഷിയും ഒരുകൂട്ടം കർഷകരും കുടിയേറിയത്. മണ്ണാർക്കാട് മേഖലയിലടക്കം ജില്ലയുടെ മലയോര മണ്ണിൽ പൈനാപ്പിൾ കൃഷി കുറഞ്ഞകാലയളവിൽ തന്നെ വ്യാപകമായി. പതുക്കെയത് ഒറ്റപ്പാലം, ഷൊർണൂർ, ചെർപ്പുളശേരി, കോങ്ങാട് മേഖലകളിലേക്കും വ്യാപിച്ചു.

ഇവിടെയവർ അനുയോജ്യമായ മണ്ണും, മറ്റ് അനുകൂല സാഹചര്യങ്ങളും കണ്ടെത്തി. തരിശിട്ട കൃഷിയിടങ്ങൾ ഏക്കർ കണക്കിന് പാട്ടത്തിനെടുത്തു. പൈനാപ്പിൾ തോട്ടങ്ങൾ വള്ളുവനാടൻ ഭൂമികയുടെയും ആകർഷണമായി. ഇവിടെ നിന്നും ലോഡ് കണക്കിന് പൈനാപ്പിൾ തൊടുപുഴയിലെ കയറ്റുമതി സ്ഥാപനങ്ങൾ തന്നെ നേരിട്ടെത്തി കർഷകരിൽ നിന്ന് സംഭരിക്കുകയും ചെയ്തു. ആദ്യകാലത്ത് ഉയർന്നവിലയും കിട്ടിയിരുന്നു. അന്ന് പട്ടാമ്പി, ഒറ്റപ്പാലം എന്നിവിടങ്ങളിലെ വൻകിട ഫ്രൂട്ട്‌സ് ഏജൻസികൾക്കും ആവശ്യത്തിന് നൽകാൻ കഴിഞ്ഞു. പക്ഷേ,​ ഇന്ന് കാലാവസ്ഥ വ്യതിയാനവും ഉത്പാദന ചെലവും വന്യമൃഗ ശല്യവും ഈ മേഖലയെ നഷ്ടത്തിലാക്കിയെന്ന് കർഷകർ പറയുന്നു. തൊടുപുഴയിലും മറ്റും ഉത്പാദനം കൂടിയാൽ വിലയിടിയും അത് ഏറെ ബാധിക്കുക ഉയർന്ന തുകയ്ക്ക് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ ചെറുകിട കർഷകരെയാണെന്ന് കർഷകനായ മാത്യു പറയുന്നു. കർഷകർ നഷ്ടങ്ങളുടെ കണക്കുപുസ്തകം നിവർത്തുമ്പോഴും കൃഷിവകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രോത്സാഹനവും ഉണ്ടാകുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു. ഇടുക്കിയിൽ നിന്ന് കുടിയേറിയ ഇരുപത്തിയഞ്ചോളം കർഷകർ ചളവറ മേഖലയിലുണ്ട്. 25 ഏക്കർ കൃഷിയുണ്ട് ഇവിടെ ഈ സീസൺ നഷ്ടമാണെങ്കിലും വരുംദിവസങ്ങൾ നല്ലകാലമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

വിദേശ പൈനാപ്പിൾ ഇനങ്ങളായ ക്വുബ, മൊറാഷ് എന്നിവയടക്കം അഞ്ച് തരം തൈകളാണ് ഇവിടെ കൃഷി ചെയ്യുന്നത്. പതിനൊന്നു മാസത്തെ സംരക്ഷണം പൈനാപ്പിളിന് ആവശ്യമാണ്.വെള്ളവും, വളവും, നല്ല മഴയും ലഭിക്കണമെന്ന് കർഷകർ പറയുന്നു.