hashish

പാലക്കാട് : ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 23 കോടിയുടെ 23 കിലോ ഹാഷിഷ് ഓയിലുമായി യുവാവിനെ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. ഇടുക്കി പാറത്തോട് അനൂപ് ജോർജാണ് (കൊച്ചു - 35) പിടിയിലായത്.

ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന ഇടുക്കി സ്വദേശികളായ മൂന്നുപേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.

രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ ഒന്നിന് പാറ നോമ്പിക്കോട്ട് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് ഇയാൾ അറസ്റ്റിലായത്. ആന്ധ്ര രജിസ്‌ട്രേഷനിലുള്ള ആൾട്ടോ കാറിന്റെ ഡോർ പാനലുകളിൽ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. എറണാകുളം, ഇടുക്കി ജില്ലകളിലേക്കാണ് ഹാഷിഷ് ഓയിൽ കടത്തിയിരുന്നത്.

ഇൻസ്‌പെക്ടർമാരായ ടി. അനികുമാർ, പി.കെ. സതീഷ്, കെ.വി. വിനോദ്, എം. സജീവ് കുമാർ, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ടി.ആർ. മുകേഷ് കുമാർ, ഷൗക്കത്തലി, പി.ഒ സി. സെന്തിൽകുമാർ, സി.ഇ.ഒമാരായ എ. ജസീം, പി. സുബിൻ, ടി.എസ്. അനിൽകുമാർ, എസ്. രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.