ചെങ്ങന്നൂർ: തിരുവൻ വണ്ടൂർ-പാണ്ടനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുത്തിയതോട്-മാർത്തോമ്മ പള്ളി റോഡിലെ തട്ടാവിള കലുങ്കിലൂടെയുളള യാത്ര അപകടം നിറഞ്ഞത്. കലുങ്ക് അപ്രോച്ച് റോഡിൽ നിന്നും അരയടിയിലധികം താഴ്ന്നു നിൽക്കുന്നതും തകർന്നു കിടക്കുന്ന റോഡുമാണ് അപകടത്തിന് കാരണം. പമ്പാ നദിക്ക് സമാന്തരമായി നിർമ്മിച്ചിട്ടുളള തട്ടാവിള കലുങ്കിന്റെ ഒരു ഭാഗത്ത് ബാരിക്കേടുകൾ നിർമ്മിക്കാത്തതും അപകടത്തിന് കാരണമാകുന്നു. ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തിൽപെടുന്നതിൽ ഏറെ. കലുങ്കിൽ നിന്നും അപ്രോച്ച് റോഡിലെ താഴ്ചയിലേക്ക് വാഹനമിറങ്ങുമ്പോൾ നിയന്ത്രണം തെറ്റി വാഹനം തെന്നി പമ്പാനദിയിലേക്ക് വീഴുന്നതും പതിവാണ്. കഴിഞ്ഞ പ്രളയത്തിന് ശേഷമാണ് കുത്തിയതോട്-മർത്തോമ്മപളളി റോഡ് തകരുകയും അപ്രോച്ച് റോഡ് താഴുകയും ചെയ്തത്. ജലക്ഷാമം രൂക്ഷമായ സമീപ പ്രദേശങ്ങളിൽ നിന്നും വേനൽക്കാലത്ത് കുളിക്കുന്നതിനും തുണികൾ അലക്കുന്നതിനുമായി ധാരാളം ആളുകൾ കലുങ്കിന് സമീപമുളള കുളിക്കടവിൽ എത്താറുണ്ട്. ഇത്തരത്തിൽ എത്തുന്നവരും ഇരമല്ലിക്കര-കുത്തിയതോട് റോഡുകളിലേക്ക് പോകുന്നവരും ഈ റോഡിലേക്ക് എളുപ്പമാർഗം പോകാൻ ഈ ലിങ്ക് റോഡിനെ ആശ്രയിക്കുന്നവരുമാണ് അപകടത്തിൽപ്പെടുന്നത്. നദിയിലേക്ക് വീഴുന്നവരുടെ നിലവിളികേട്ടെത്തുന്ന സമീപ വാസികളാണ് രക്ഷകരാകുന്നത്.
കുത്തിയതോട് മാർത്തോമ്മാ പള്ളി തട്ടാവിളറോഡ് നവീകരണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് വാർഡ് അംഗം ഷേർലി മാത്യു പറഞ്ഞു. ഇതിനായി എസ്റ്റിമേറ്റും, സർവ്വേയും പൂർത്തിയാക്കി. പ്രളയവുമായി ബന്ധപ്പെട്ട് തകർന്നറോഡുകളിൽ ഉൾപെടുത്തിയാണ് റോഡ് നവീകരണം നടത്തുകയെന്നും ഷേർലി മാത്യു പറഞ്ഞു.
ഷേർലി മാത്യു
(വാർഡംഗം)
-അപകടത്തിന് കാരണം-
കലുങ്ക് അപ്രോച്ച് റോഡിൽ നിന്നും അരയടിയിലധികം താഴ്ന്നു നിൽക്കുന്നതും തകർന്നു കിടക്കുന്ന റോഡും