കൊടുമൺ : മീൻ വളർത്തിക്കോ പക്ഷേ ഞങ്ങളുടെ വെള്ളംകുടി മുട്ടിക്കരുത്. ആയിനികൂട്ട കോളനി നിവാസികളുടെ ഒരേ സ്വരമാണിത്. പന്തളം തെക്കേക്കര പഞ്ചായത്ത് 13-ാം വാർഡിൽ സ്വകാര്യ വ്യക്തി മീൻ വളർത്താൻ എന്ന വ്യാജേന ഇരുപതടിയോളം താഴ്ചയിൽ ഒന്നിലധികം കുളങ്ങൾ നിർമ്മിക്കുന്നതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്.
പരാതികളുമായി നിരവധി നൽകിയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല.
കർഷകരും ദുരിതത്തിൽ
വർഷങ്ങൾക്കുമുമ്പ് ഈ പുരയിടത്തിൽ നാട്ടുകാർ കുളിക്കാനും കുടിക്കാനും മറ്റുമായി ജലം ഉപയോഗിച്ചിരുന്ന ഒരു കുളം ഉണ്ടായിരുന്നു. അതിനോട് ചേർന്ന് സമീപത്തെ അതെ കൃഷി ചെയ്യുന്ന വയലുകളിലേക്ക് ജലം എത്തിക്കുന്നതിന് നിരവധി നീർച്ചാലുകളും ഉണ്ട്. എന്നാൽ സ്വകാര്യ വ്യക്തി ഈ നീർച്ചാലുകൾ മുഴുവൻ മണ്ണിട്ട് നികത്തി. ഇതുമൂലം സമീപ പ്രദേശത്തെ കർഷകരും ദുരിതത്തിലാണ്. ഈ പ്രദേശത്ത് ചേർന്നുള്ള കുന്നുകളും ഇടിച്ചു താഴ്ത്തിയിട്ടുണ്ട്. പ്രദേശത്തുകൂടി പോകുന്ന കെ.ഐ.പി സബ് കനാൽ മണ്ണിട്ട് നികത്തിയതോടെ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി ആളുകൾക്കാണ് ജീവിതം തന്നെ വഴിമുട്ടുന്നത്.
പരാതികൾ നിരവധി
ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച കുളം കുഴിക്കൽ കഴിഞ്ഞ ദിവസം രാത്രി വീണ്ടും ആരംഭിക്കുകയും നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പന്തളം പൊലീസ് സ്ഥലത്തെത്തി നിർമ്മാണപ്രവർത്തനങ്ങൾ തടഞ്ഞിരുന്നു. നാട്ടുകാർ പന്തളം തെക്കേക്കര പഞ്ചായത്തിലും കളക്ടറേറ്റിലും പന്തളം പൊലീസ് സ്റ്റേഷനിലും പരാതികൾ നൽകിയിട്ടുണ്ട്. ബി.ജെ.പി ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചായത്തിന് അനുമതി കൂടിയാണ് ഇത് പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തി പറയുന്നത്. എന്നാൽ പഞ്ചായത്ത് ഒരുതരത്തിലും അനുമതി നൽകിയിട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കുളംനിർമ്മാണം തടഞ്ഞ് യുവമോർച്ച
ആയിനികൂട്ട കോളനിയിൽ ഉൾപ്പെടെ ജല ക്ഷാമവും കർഷകർക്കാവശ്യമായ ജലവും ലഭിക്കാത്ത നടപടിയിൽ യുവമോർച്ച പന്തളം തെക്കേകര പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. അനധികൃതമായി കുളം നിർമ്മാണം നടക്കുന്ന സ്ഥലത്ത് യുവമോർച്ചയുടെ നേതൃത്വത്തിൽ കൊടികൾ നാട്ടി നിർമ്മാണ പ്രവർത്തനം തടഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രവീന്ദ്രൻ പിള്ള , യുവമോർച്ച ശരത്കുമാർ, യുവമോർച്ച അടൂർ മണ്ഡലം കമ്മിറ്റി അംഗം മനോജ്, അനീഷ് ,ബൈജു, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
-20 അടിതാഴ്ചയിൽ കുളങ്ങൾ
നാട്ടുകാരുടെ ആശങ്കഅകറ്റി പ്രകൃതിയെ സംരക്ഷിക്കുന്ന രീതിയിലുള്ള നിർമ്മാണം മാത്രമേ അനുവദിക്കൂ.
കൃഷ്ണകുമാർ
(പഞ്ചായത്ത് പ്രസിഡന്റ്)