പത്തനംതിട്ട: സർക്കാർ ഒാഫീസുകളിലെ 'മുങ്ങൽ വിദഗ്ദ്ധരെ' കുടുക്കാനും ജീവനക്കാർ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനുമായി ഹാജറിന് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കണമെന്ന സർക്കാർ തീരുമാനം ജില്ലയിൽ നടപ്പായില്ല. കളക്ടറേറ്റിലെ റവന്യു വിഭാഗത്തിൽ മാത്രമാണ് ആദ്യപടിയായി പഞ്ചിംഗ് മെഷീൻ സ്ഥാപിച്ചത്. കളക്ടറേറ്റിലേതടക്കം ജീവനക്കാരിൽ ചിലർ ഇന്നലെയും ഒപ്പിട്ട് മുങ്ങി പ്രവർത്തി സമയത്ത് ശമ്പള പരിഷ്കരണത്തിനായുളള സമരത്തിൽ പങ്കെടുത്തു. വിവിധ ആവശ്യങ്ങളുമായി ഒാഫീസുകളിൽ എത്തുന്നവർ സെക്ഷനിൽ ആളില്ലെന്ന കാരണത്താൽ മടങ്ങുകയാണ്.

മുങ്ങുന്ന ജീവനക്കാരെ കണ്ടെത്താൻ വിജിലൻസ് രംഗത്തില്ല. ജീവനക്കാർ വൈകിയെത്തി നേരത്തേ മടങ്ങുന്ന രീതി തുടരുകയാണ്. നടപടിയെടുക്കേണ്ട ജില്ലാ ഭരണകൂടം എല്ലാം അറിഞ്ഞിട്ടും കണ്ണടയ്ക്കുകയാണ്. യൂണിയൻ നേതാക്കൾ ഒാഫീസിലെത്തി ഒപ്പിട്ട ശേഷം സംഘടനാ പ്രവർത്തനത്തിൽ മുഴുകുന്നു.

പത്തനംതിട്ട കളക്ടറേറ്റിൽ എല്ലാ വകുപ്പുകളിലും കൂടി 360 ജീവനക്കാരുണ്ട്. എന്നാൽ, പഞ്ചിംഗ് മെഷിൻ സ്ഥാപിച്ചിരിക്കുന്നത് 126 ജീവനക്കാരുളള റവന്യു വകുപ്പിൽ മാത്രമാണ്. മിനി സിവിൽ സ്റ്റേഷനിലും പഞ്ചിംഗ് മെഷീൻ സ്ഥാപിച്ചിട്ടില്ല. ഇവിടെ കോടതി ജീവനക്കാർ ഉൾപ്പെടെ എഴുന്നൂറോളം ജീവനക്കാരുണ്ട്.

സർക്കാർ ഒാഫീസുകളിൽ പഞ്ചിംഗ് സംവിധാനം നടപ്പാക്കണമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിരുന്നു. നടപടികൾ ആരംഭിക്കാൻ പൊതുഭരണവകുപ്പ് ജില്ലാ കളക്ടർമാർക്ക് മാർഗനിർദേശം നൽകുകയും ചെയ്തിരുന്നു.

ഒാരോ വകുപ്പുകളും സ്വന്തം ചെലവിലാണ് ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കേണ്ടത്. നേരിട്ടോ കെൽട്രോൺ മുഖേനയോ മെഷിൻ വാങ്ങണം. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററാണ് പഞ്ചിംഗ് മെഷിനിലെ സോഫ്റ്റ് വെയർ സ്ഥാപിക്കുന്നത്. 'സ്പാർക്ക്' മുഖേന ശമ്പളം നൽകുന്ന സർക്കാർ ഒാഫീസുകളിലാണ് മെഷിൻ സ്ഥാപിക്കേണ്ടത്.

സർക്കാർ നിർദേശം

മൂന്നു മാസത്തിനകം കളക്ടറേറ്റുകളിലും ആറ് മാസത്തിനുളളിൽ മറ്റ് സർക്കാർ ഒാഫീസുകളിലും പഞ്ചിംഗ് സംവിധാനം നടപ്പാക്കണം. പൊതുഭരണവകുപ്പ് കഴിഞ്ഞ മെയിലാണ് നിർദേശം നൽകിയത്.

വൈകിയെത്തി

നേരത്തേ മടക്കം

പത്തനംതിട്ട കളക്ടറേറ്റ്

ആകെ ജീവനക്കാർ: 360

റവന്യൂ ജീവനക്കാർ :126

1.പഞ്ചിംഗ് സംവിധാനം നടപ്പാക്കാനുളള

സമയപരിധി ഇൗമാസം അവസാനിക്കും

2.പഞ്ചിംഗ് നടപ്പാക്കിയത് റവന്യു വകുപ്പിൽ,

മറ്റ് ഒാഫീസുകൾക്ക് മൂന്നുമാസം കൂടി സമയം.

>>

ആധാർ അധിഷ്ഠിത പഞ്ചിംഗ്

ജോലിക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും വിരലടയാളം പതിച്ച് പഞ്ച് ചെയ്യണം.

ജീവനക്കാരുടെ ശമ്പളത്തിന്റെ നടപടി ക്രമങ്ങൾ കൈകാര്യം ചെയ്യുന്ന 'സ്പാർക്ക്' സോഫ്റ്റ് വെയറുമായി പഞ്ചിംഗ് ബന്ധിപ്പിക്കും.

ജോലി സമയത്ത് കൃത്യത പാലിക്കാതിരുന്നാൽ ശമ്പളം കുറയ്ക്കും.