തിരുവല്ല: രാജ്യാന്തര നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിന്റെ ഓട നിർമ്മാണത്തിൽ ആശാസ്ത്രീയതയെന്ന് ആരോപിച്ച് കർഷകരുടെയും നാട്ടുകാരുടെയും പ്രതിഷേധമുയരുന്നു. തോട്ടഭാഗം - ചങ്ങനാശേരി റോഡ് നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള ഓടയുടെ നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. റോഡിന്റെ ആഞ്ഞിലിത്താനം ജംഗ്‌ഷൻ ഭാഗത്തെ ഓടയുടെ ചാൽ ആഞ്ഞിലിത്താനം പാടശേഖരത്തിലേക്ക് ഒഴുക്കാനാണ് അധികൃതരുടെ നീക്കം. എന്നാൽ മാലിന്യങ്ങളും മറ്റും നെൽകൃഷി ചെയ്യുന്ന പാടത്തേക്ക് ഒഴുക്കുന്നതിനെയാണ് കർഷകർ പ്രതിഷേധിക്കുന്നത്. റോഡിന്റെ മറ്റു ഭാഗങ്ങളിലേക്ക് മലിനജലം ഒഴുക്കാനുള്ള സൗകര്യം ഉണ്ടെന്നിരിക്കെ ചില വ്യക്തികളുടെ സ്ഥലങ്ങൾ സംരക്ഷിക്കാൻ അധികൃതർ ഒത്താശ ചെയ്യുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു. മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് ഭാവിയിൽ കൃഷി നടത്തിപ്പിനും ബുദ്ധിമുട്ടുണ്ടാകും. അധികൃതരുടെ നീക്കത്തിനെതിരെ സമീപവാസികളും രംഗത്തെത്തിയതോടെ പാടത്തേക്കുള്ള ഓടയുടെ പണികൾ നിറുത്തിവച്ചിരിക്കുകയാണ്. റോഡിന്റെ ചിലഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കലിലും അധികൃതർ അലംഭാവം കാട്ടുന്നുണ്ട്.
മന്ത്രിയുടെ അടിയന്തര ശ്രദ്ധവേണം
തോട്ടഭാഗം -ചങ്ങനാശേരി റോഡ് നിർമ്മാണത്തിലെ അനധികൃത ഇടപെടലുകൾ ഒഴിവാക്കാൻ പൊതുമരാമത്ത് മന്ത്രിയുടെ അടിയന്തര ശ്രദ്ധയുണ്ടാകണം
കർഷകർ നെൽകൃഷി ചെയ്യുന്ന പാടത്തേക്ക് മാലിന്യങ്ങൾ ഒഴുക്കാനുള്ള നീക്കം ചെറുക്കും. ഇതിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്.
എം.കെ.ശശിധരൻ
(പാടശേഖര സമിതി പ്രസിഡന്റ്)