പത്തനംതിട്ട: നഗരസഭാ പ്രദേശത്ത് മാലിന്യ പ്രശ്നം വീണ്ടും രൂക്ഷമായി. പരീക്ഷണാടിസ്ഥാനത്തിൽ മാലിന്യം സംഭരിക്കാൻ ഏർപ്പെടുത്തിയ ഏജൻസിയും കൈയൊഴിഞ്ഞ മട്ടാണ്. ഇവർ ഭക്ഷണ മാലിന്യം ശേഖരിക്കാനാണ് താത്പര്യം കാട്ടിയത്. എന്നാൽ നഗരത്തിലെ കടകളിലെ ഭക്ഷണമാലിന്യത്തിന്റെ ഭൂരിഭാഗവും പന്നി, മത്സ്യം വളർത്തൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുകയാണ് പതിവ്. ഭക്ഷണമാലിന്യം ലഭിക്കാത്തതിനാൽ ഏജൻസിയുടെ മാലിന്യനീക്കം വല്ലപ്പോഴുമായി.
നഗരത്തിൽ അറവുശാല, സ്റ്റേഡിയം എന്നിവിടങ്ങളിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. ഏറെയും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. അറവുശാലക്ക് സമീപത്തെ മാലിന്യസംഭരണ കേന്ദ്രത്തിന്റെ പ്രവർത്തനം നിറുത്തിയിരിക്കുകയാണെങ്കിലും ചിലപ്പോൾ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ ഇവിടെയിട്ട് കത്തിക്കുന്നുണ്ട്. ഇതിൽ നിന്ന് ഉയരുന്ന പുക പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. ദുർഗന്ധത്തെ തുടർന്ന് കഴിഞ്ഞ ദിവസം നാട്ടുകാർ കളക്ടർക്ക് പരാതി നൽകി. വഴിയോരങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ ഇപ്പോൾ സ്റ്റേഡിയത്തിന് സമീപത്താണ് കൊണ്ടിടുന്നത്. ഏറെയും പ്ലാസ്റ്റിക്കാണ് . ഇതിന് മുകളിൽ മണ്ണിട്ട് മൂടുകയാണ്.
പ്രശ്നമാണ് മാലിന്യം
ചാക്കുകളിലാക്കി വഴിയിൽ തള്ളുന്നു
പ്ളാസ്റ്റിക്ക് ഉൾപ്പെടെ കത്തിക്കുന്നു
ദുർഗന്ധവും പുകയും പടരുന്നു
1.പഴം പച്ചക്കറി കടക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പല പച്ചക്കറി കടകൾക്ക് സമീപവും അഴുകിയ പച്ചക്കറികളും പഴങ്ങളും കിടപ്പുണ്ട്.
2.വീടുകളിലെ മാലിന്യങ്ങൾ സൗജന്യമായി നഗരത്തിലെ തൂമ്പൂർമൂഴി കേന്ദ്രത്തിൽ നിക്ഷേപിക്കാൻ സൗകര്യമുണ്ട്. എന്നാൽ ചില വീട്ടുകാർ മാത്രമാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. വാഹന സൗകര്യങ്ങൾ ഉള്ളവരാണ് ഇവിടെ എത്തിക്കുന്നത്.
3. നഗരത്തിലെ ചില പ്രദേശങ്ങളിൽ റോഡരികിൽ മാലിന്യങ്ങൾ കവറുകളിലാക്കി തള്ളുന്നവരുണ്ട്. ഇത് തെരുവ് നായകൾ കടിച്ചുവലിച്ചും വാഹനങ്ങൾ കയറിയും ചിതറി കിടക്കുകയാണ്.
"വെറേ വഴിയില്ലാത്തതിനാൽ തമിഴ്‌നാട്ടിൽ നിന്ന് വരുന്ന ലോറികൾ തിരിച്ചുപോകുമ്പോൾ ഇതിൽ മാലിന്യം കയറ്റി വിടും. അവർ ഇത് ജനവാസം കുറഞ്ഞ ഇടങ്ങളിൽ തള്ളും. ലോറിക്കാർക്ക് ചെറിയ തുക കൂലിയും നൽകും."
പഴം, പച്ചക്കറി വ്യാപാരി