ആന്തൂർ നഗരസഭയിലും, പത്തനാപുരത്തും പ്രവാസികൾക്കുണ്ടായ അനുഭവങ്ങൾ പുത്തരിയല്ല. ആത്മഹത്യ ചെയ്തതു കൊണ്ടു വാർത്തയാവുകയും നടപടിയുണ്ടാവുകയും ചെയ്യുന്നു. ആത്മഹത്യയ്ക്ക് മുതിരാത്ത എത്രയോ ആളുകൾ യാതനകളും പേറി നടക്കുന്നു. സേനയിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള ജീവനക്കാരിൽ ബഹുഭൂരിപക്ഷം ജനങ്ങൾക്ക് മികച്ച സേവനം നൽകാനാഗ്രഹിക്കുന്നവരാണ്. അതിനിടയിലും ചില പുഴുക്കുത്തുകളുണ്ട്. അത്തരക്കാരാണ് ചില രാഷ്ട്രീയപ്രവർത്തകരുടെ പ്രേരണയ്ക്ക് വഴങ്ങി കുഴപ്പമുണ്ടാക്കുന്നത്.
അടൂർ മുനിസിപ്പാലിറ്റിയിൽ നിന്നും, പൊലീസ് സ്റ്റേഷനിൽ നിന്നും എനിക്കുണ്ടായ അനുഭവം പറയാം. 2013 നവംബർ 21 ന് ബിൽഡിംഗ് പെർമിറ്റിന് അപേക്ഷിച്ചു. അപേക്ഷയിലെ ന്യൂനതചൂണ്ടി കാണിച്ചുകൊണ്ട് പുതിയത് ഹാജരാക്കാൻ നോട്ടീസ് നൽകി. ആ ന്യൂനത പരിഹരിച്ചപ്പോൾ തുടർച്ചയായി പുതിയ ന്യൂനതകൾ അറിയിച്ചു കൊണ്ടിരുന്നു. അവസാനം വിജിലൻസിൽ പരാതി നൽകി അന്വേഷണം നടന്നു. ഇതുവരെയും ഒന്നും അറിയാനായിട്ടില്ല.
കൃഷിയിടത്തിലെ ജലദൗർലഭ്യം പരിഹരിക്കാൻ കുഴൽക്കിണർ നിർമ്മിച്ച് തരാൻ ഭൂജലവകുപ്പിൽ പണമടച്ചു. നിർമ്മാണമാരംഭിച്ചപ്പോൾ നഗരസഭാ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി. അതിനുശേഷം തദ്ദേശവാസികളിൽ നിന്നും പരാതിയെഴുതി വാങ്ങി. നഗരസഭാ കവാടത്തിൽ സത്യാഗ്രഹമിരുന്നപ്പോൾ നഗരസഭ അനുവാദം തന്നു. വീട്ടാവശ്യത്തിനും ചെറുകിട കൃഷിക്കും കുഴൽക്കിണർ നിർമ്മിക്കാൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നുള്ള സുപ്രീം കോടതി മാർഗനിർദ്ദേശം നിലനിൽക്കെയാണ് നഗരസഭാ അധികാരികളിൽ നിന്നും ഈ നടപടിയുണ്ടായത്.
2014 ആഗസ്റ്റ് 16 ന് ഒരുസംഘം ഗുണ്ടകൾ എന്റെ വ്യാപാരസ്ഥാപനം തല്ലിത്തകർക്കുകയും സാധനങ്ങൾ വലിച്ചുവാരി റോഡിൽ കളയുകയും ചെയ്തു. ഞാൻ അടൂർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ക്രൈം സ്റ്റോപ്പറിൽ വിളിച്ചു പറയുകയും ചെയ്തു. പൊലീസ് വാഹനം അതുവഴി കടന്നുപോയിട്ടും ഗൗനിച്ചില്ല. തുടർന്ന് രേഖാമൂലം പരാതി നൽകി. നടപടിയുണ്ടായില്ല. അന്നത്തെ ആഭ്യന്തരമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പൊലീസ് അന്വേഷണത്തിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുള്ളത്. രാഷ്ട്രീയ പിൻബലമില്ലെങ്കിൽ ഒരു സർക്കാർ ജീവനക്കാരും വഴിവിട്ടു പ്രവർത്തിക്കില്ലെന്നുറപ്പാണ്.
വി.എസ്. യശോധരപണിക്കർ, അടൂർ, ഫോൺ: 9400929105
'സ്പെഷലാ"ണു പോലും
ജൂൺ ഒൻപതിന് രാത്രി പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് വരേണ്ടതുണ്ടായിരുന്നു. അമൃത എക്സ്പ്രസിൽ വെയിറ്റിംഗ് ലിസ്റ്റിൽ ആയിരുന്നതിനാൽ രാത്രി എട്ടരയ്ക്കുള്ള ഹൈദരാബാദ് - കൊച്ചുവേളി സ്പെഷ്യൽ ട്രെയിനിൽ ബുക്ക് ചെയ്തു. കുട്ടികളടക്കം മൂന്നുനാല് കുടുംബങ്ങളും ഉണ്ടായിരുന്നു. പലവട്ടം സമയം വൈകുമെന്ന് എഴുതി കാണിക്കുകയുണ്ടായി. ഒടുവിൽ മൂന്ന് മണിക്കൂറോളം വൈകി ട്രെയിൻ എത്തി. വഴിയിൽ പലയിടത്തും പിടിച്ചിട്ട് നാലര മണിക്കൂറോളം വൈകി സ്പെഷ്യൽ ട്രെയിൻ കൊച്ചുവേളിയിലെത്തി. കോട്ടയം കഴിഞ്ഞതോടെ ട്രെയിനിൽ വെള്ളവുമില്ല. പ്രാഥമിക ആവശ്യങ്ങൾക്കു പോലും വെള്ളമില്ലാതെ യാത്രക്കാർ നന്നായി വലഞ്ഞു. അധിക ചാർജ് വാങ്ങി ഇങ്ങനെ യാത്രക്കാരെ പീഡിപ്പിക്കുന്നത് കഷ്ടമാണ്.
ഡോ. സോമശേഖരൻ
തിരുവനന്തപുരം