ഇരവിപേരൂർ : പൊയ്കയിൽ ശ്രീകുമാര ഗുരുദേവ ദേഹവിയോഗത്തിന്റെ 80-ാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി പ്രത്യക്ഷ രക്ഷാദൈവസഭ (പി.ആർ.ഡി.എസ്സ്)യുടെ ആഭിമുഖ്യത്തിൽ 15 ദിവസമായി നടന്നു വന്ന ഉപവാസധ്യാനയോഗം സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാരഗുരുദേവ മണ്ഡപത്തിൽ സമാപിച്ചു. പൊയ്ക തീർത്ഥാടകരായി ആയിരങ്ങൾ കുമാരഗുരുദേവ സന്നിധിയിൽ എത്തി പ്രാർത്ഥന അർപ്പിച്ചു. ശ്രീകുമാര ഗുരുദേവ ദേഹവിയോഗം സംഭവിച്ച കുടിലിലെ പ്രത്യേക പ്രാർത്ഥനക്ക് സഭാ പ്രസിഡന്റ് വൈ.സദാശിവൻ നേതൃത്വം നൽകി. പദയാത്രികരായി എത്തിച്ചേർന്ന തീർത്ഥാടകരെ ഇരവിപേരൂർ ജംഗ്ഷനിൽ സഭാ നേതൃത്വം സ്വീകരിച്ചു. തുടർന്ന് വിശുദ്ധ മണ്ഡപത്തിൽ പദയാത്രികർക്കായി പ്രത്യേക പ്രാർത്ഥന നടത്തി. ഉപവാസഗാനാലാപനം, ആത്മീയ പ്രഭാഷണം, ഉപവാസധ്യാനയോഗം , അനുസ്മരണ പ്രാർത്ഥന എന്നിവ നടന്നു. ശ്രീകുമാരഗുരുദേവ മണ്ഡപത്തിൽ നടന്ന ആത്മീയ യോഗത്തിൽ സഭാ പ്രസിഡന്റ് വൈ.സദാശിവൻ, ഗുരുകുലശ്രേഷ്ഠൻ എം. ഭാസ്ക്കരൻ എന്നിവർ ആത്മീയ പ്രഭാഷണങ്ങൾ നടത്തി.