sabarimala

പത്തനംതിട്ട: ശബരിമലയിലെ സന്നിധാനം മീഡിയ സെന്റർ പൊളിച്ചുമാറ്റാനും മാദ്ധ്യമ സ്ഥാപനങ്ങൾക്ക് അശാസ്ത്രീയമായ രീതിയിൽ പാണ്ടിത്താവളത്തിനു സമീപം സൗകര്യം ഒരുക്കാനുമുള്ള നീക്കത്തിനെതിരെ പ്രതിഷേധം. സന്നിധാനം മീഡിയ സെന്റർ കെട്ടിടം ഇടിച്ചുനിരത്തുന്നതിന് ദേവസ്വം ബോർഡ് കരാറായിട്ടുണ്ട്. മാളികപ്പുറം ക്ഷേത്രത്തിന് എതിർവശത്തുള്ള മീഡിയ സെന്റർ പൊളിച്ച് അവിടം നിരപ്പാക്കാനുള്ള കരാറാണ് നൽകിയിരിക്കുന്നത്. 22 മാദ്ധ്യമ സ്ഥാപനങ്ങൾ, ബാങ്ക്, റവന്യുവകുപ്പ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട്, എക്‌സൈസ് ഓഫീസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് പൊളിച്ചുനീക്കുന്നത്. മാസ്റ്റർപ്ലാൻ പ്രകാരമുള്ള വികസന പ്രവർത്തനങ്ങൾക്കാണ് കെട്ടിടം പൊളിച്ചുനീക്കുന്നതെന്ന് പറയുന്നു. സന്നിധാനത്ത് റിപ്പോർട്ടിംഗിന് ഏറ്റവും ഉചിതമായ കെട്ടിടമാണ് ഇല്ലാതാക്കുന്നത്.


മീഡിയ സെന്റർ പാണ്ടിത്താവളത്തെ ദർശനം കോംപ്ലക്‌സിലേക്കു മാറ്റുമെന്നാണ് പറയുന്നത്. എന്നാൽ സന്നിധാനത്തു നിന്ന് വിദൂരത്തിൽ വനാതിർത്തിയിലുളള കെട്ടിടത്തിലേക്ക് ചെന്നെത്താൻ ബുദ്ധിമുട്ടാണ്. വന്യമൃഗങ്ങളുടെയും വിഷപ്പാമ്പുകളുടെയും വിഹാരകേന്ദ്രമാണ് പ്രദേശം. സന്നിധാനവുമായി ബന്ധപ്പെട്ട വാർത്താശേഖരണത്തിനായി എത്തുന്ന മാദ്ധ്യമപ്രവർത്തകരെ അകറ്റിനിറുത്താനുള്ള ശ്രമമാണ് മീഡിയ സെന്റർ വിദൂരത്തിലേക്ക് മാറ്റുന്നതെന്ന് പത്തനംതിട്ട പ്രസ്‌ക്ലബിൽ ചേർന്ന മാദ്ധ്യമപ്രവർത്തകരുടെ യോഗം അഭിപ്രായപ്പെട്ടു.

രണ്ട് മാദ്ധ്യമസ്ഥാപനങ്ങൾക്കായി ഒരു മുറി നൽകുമെന്ന ബോർഡ് തീരുമാനം അശാസ്ത്രീയമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മീഡിയ സെന്റർ ഉചിതമായ സ്ഥലത്ത് പുനഃസ്ഥാപിക്കണമെന്നും ഇതിനാവശ്യമായ ക്രമീകരണം ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.