parayanakkuzhi-padom
പറയനിക്കുഴി പാടം വീണ്ടും മണ്ണിട്ട് നികത്തിയ നിലയിൽ

ചെങ്ങന്നൂർ: താലൂക്കിൽ വീണ്ടും മണ്ണെടുപ്പും നിലം നികത്തലും വ്യാപകം. അനധികൃത നിലം നികത്തലിനെതിരെ പലതവണ സ്റ്റോപ്പ് മെമ്മോ നൽകിയ തിരുവൻ വണ്ടൂർ പഞ്ചായത്തിലെ കല്ലിശേരി പറയനക്കുഴി പാടമാണ് വീണ്ടും നികത്താൻ ആരംഭിച്ചത്. എം.സി റോഡിന് സമീപം 11-ാം വാർഡിൽ പറയനക്കുഴി പാടം ബ്ലോക്ക് ആറിൽപെട്ട നിലമാണ് കഴിഞ്ഞ ദിവസം പുലർച്ചെ 2ന് മണ്ണടിച്ച് നികത്തിയത്. റീസർവേ നമ്പർ 506/13, 497/6 ഉം, (497/11) സർവേ നമ്പറിൽ ഡേറ്റാ ബാങ്കിൽപ്പെട്ട നിലങ്ങൾ കഴിഞ്ഞ മെയ്, ജൂൺ മാസങ്ങളിൽ അനധികൃതമായി മണ്ണടിച്ച് നികത്തിയിരുന്നു. ഇതു സംബന്ധിച്ച് സ്വകാര്യ വ്യക്തിയുടേയും, നാട്ടുകാരുടേയും പരാതിയേ തുടർന്ന് വില്ലേജ് ആഫീസർ എത്തി പരിശോധന നടത്തി നിലമുടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി. തുടർ നടപടികൾക്കായി താലൂക്കിന് കൈമാറിയതായി വില്ലേജ് ആഫീസർ പറഞ്ഞിരുന്നു. എന്നാൽ ഈ പാടമാണ് വീണ്ടും നികത്തിയിരിക്കുന്നത്.


കളക്ടർക്ക് പരാതി നൽകി
പറയനക്കുഴി പാടം നികത്തുന്നതിനെതിരെ കേരള നെൽവയൽതണ്ണീർതട സംരക്ഷണ നിയമം 2008 പ്രകാരം നടപടി ആവശ്യപ്പെട്ട് പ്രകൃതി സംരക്ഷകനായ എം.എ ഹരികുമാർ വില്ലേജ് ആഫീസർക്കും കളക്ടർക്കും പരാതി നൽകി.