പത്തനംതിട്ട: ശരീരത്തിലെ ഒടിവ്, വളവ്, ചതവ്, വൈകല്യം എന്നിവ മാറ്റിയെടുക്കാൻ ഇനി ദൂരേക്കെങ്ങും പോകണ്ട. ഇതിനുള്ള'വർക്ക്ഷോപ്പ്' പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈകാതെ തയ്യാറാകും. ഒടിവും വളവും നേരെയാക്കാനുളള ഉപകരണങ്ങളും കൃത്രിമ അവയവങ്ങളും ഇവിടെ നിർമിക്കും. ഇതിനായി 30ലക്ഷം രൂപ അനുവദിച്ചു. ജില്ലാ മെഡിക്കൽ ഒാഫീസിന് ലഭിച്ച തുക ജനറൽ ആശുപത്രിക്ക് കൈമാറിയാലുടൻ ടെൻഡർ നടപടികളിലേക്ക് കടക്കും. ആശുപത്രിയിലെ പഴയ ട്രോമാ കെയർ കെട്ടിടം അവയവ നിർമാണ യൂണിറ്റിനായി വിട്ടുനൽകും.
കുട്ടികളിൽ ജൻമനായുളള കൈകാൽ വൈകല്യം മാറ്റുന്നതിനുളള ബെൽറ്റുകളും പാദരക്ഷകളും ആശുപത്രിയിൽ നിർമിക്കും. കൃത്രിമ അവയവങ്ങൾ വച്ചുപിടിപ്പിക്കേണ്ടവർക്ക് അളവനുസരിച്ചാണ് നിർമിച്ചു കൊടുക്കുക. ഇതിനായി മൂന്ന് ടെക്നിഷ്യൻമാരെ നിയമിക്കും. ഒാർത്തോ, ന്യൂറോ, ഫിസിക്കൽ മെഡിസിൻ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ മേൽനാേട്ടത്തിലാണ് കൃത്രിമ അവയവങ്ങളും മറ്റും നിർമിച്ച് രോഗികളിൽ പിടിപ്പിക്കുന്ന പ്രോസ്തെറ്റിക്, ഒാർത്തോറ്റിക് വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ ഇൗ വിഭാഗമുണ്ടെങ്കിലും എല്ലാ ഉപകരണങ്ങളും നിർമിക്കുന്നില്ല.

>>>

ഇനി ഇവ ഇവിടെക്കിട്ടും

നടുവിന് ക്ഷതം സംഭവിച്ചവർക്ക് - സ്പൈനൽ ബ്രെയിസിസ് @ ഒടിവ്, ചതവ്, വൈകല്യം - സ്കോളിയോസിസ് ബ്രെയിസിസ് @ കൈകാലുകൾക്ക് - കാലിപ്പർ@ കൃത്രിമ കൈയും കാലും.@ ബെൽറ്റുകൾ, പാദരക്ഷകൾ.

>>

'' അപകടത്തിൽ പെടുന്നവർക്കും ജൻമനാ അംഗവൈകല്യം ബാധിച്ച കുട്ടികൾക്കും അവയവ നിർമാണ യൂണിറ്റ് പ്രയോജനം ചെയ്യും.

ഡോ. സാജൻ മാത്യൂസ് , ജനറൽ ആശുപത്രി സൂപ്രണ്ട്.

>>

പ്രയോജനം

കൃത്രിമ അവയവങ്ങൾ വച്ചുപിടിപ്പിക്കുന്നതിനും വളഞ്ഞ എല്ലുകളും പിണഞ്ഞ ഞരമ്പുകളും നേരെയാക്കുന്നതിനും സ്വകാര്യ ആശുപത്രികളിൽ ഒരു ലക്ഷത്തിനു മുകളിലാണ് നൽകേണ്ടത് .

ഗവ. ആശുപത്രികളിലെ അവയവ നിർമാണ യൂണിറ്റുകളിൽ ഇതിന് 25000 രൂപയിൽ കൂടില്ല. അവയവങ്ങൾ നിർമിക്കുന്നതിനുളള സാധനങ്ങൾ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്നതിനു മാത്രമുളള ചെലവാണ് രോഗികളിൽ നിന്ന് ഇൗ‌ടാക്കുന്നത്.