ചെങ്ങന്നൂർ: റവന്യൂ പുറമ്പോക്കിൽ നിന്നും പൊതുമരാമത്ത് വകുപ്പ് മണ്ണെടുത്തത് അനധികൃതമായിട്ടാണെന്ന് ഖനന, ഭൂഗർഭ വകുപ്പ് കണ്ടെത്തി. ഇതോടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് മണ്ണെടുപ്പ് നടത്തിയതെന്ന എം.എൽ.എയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും വാദം കളവാണെന്ന് തെളിഞ്ഞു. ചെങ്ങന്നൂർ ആയുർവേദ ആശുപത്രിക്കായി അനുവദിച്ച സ്ഥലത്ത് നിന്നും അനുമതിയില്ലാതെ മണ്ണെടുത്തതിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പൊതുമരാമത്ത് വകുപ്പ് ചെങ്ങന്നൂർ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർക്കും കരാറുകാരനുമാണ് നോട്ടീസ് നൽകിയത്. ആയുർവേദ ആശുപത്രിക്കായി അനുവദിച്ച റവന്യു പുറമ്പോക്കിലെ മണ്ണെടുപ്പും പാറപൊട്ടിക്കലും അനധികൃതമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മണ്ണെടുപ്പ് വില്ലേജ് ഓഫീസർ തടയുകയും ചെയ്തു.
ലക്ഷങ്ങൾ പിഴ
അനധികൃതമായി മണ്ണെടുത്തതിന് റവന്യൂ വകുപ്പ് ലക്ഷങ്ങൾ പിഴയൊടുക്കേണ്ടിവരും. ആയുർവേദ ആശുപത്രിയുടെ നിർമ്മാണത്തിന് വേണ്ടിയാണ് മണ്ണും പാറയും മാറ്റിയത്. ഇത് പൊതുമരാമത്തിന്റെ തന്നെ കല്ലിശേരിയിലെ റസ്റ്റ് ഹൗസിൽ സൂക്ഷിച്ചിട്ടുണ്ട്. എക്‌സിക്യൂട്ടീവ് എൻജിനീയറുടെ നിർദ്ദേശമാണ് നടപ്പാക്കിയതെന്ന് കാട്ടി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ മറുപടി നൽകിയെന്നാണ് സൂചന. പുതിയ കരാറുകാരനും എക്‌സിക്യൂട്ടീവ് എൻജിനീയർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരുടെ മറുപടി പരിശോധിച്ച ശേഷമാവും പിഴത്തുക സംബന്ധിച്ച് അന്തിമ തീരുമാനം.
മണ്ണെടുത്തത് കാലവധികഴിഞ്ഞ പാസുപയോഗിച്ച്
റവന്യു പുറമ്പോക്കിൽ മണ്ണെടുക്കാൻ അനുമതി നൽകിയത് 2018ൽ ആണെന്ന് ഖനന, ഭൂഗർഭ വകുപ്പിന്റെ റിപ്പോർട്ട്. ആയിരം ക്യുബിക് മീറ്റർ മണ്ണ് നീക്കാനാണ് അനുമതി ഉണ്ടായിരുന്നത്. അതു തന്നെ കുറച്ച് ദിവസത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മണ്ണെടുക്കാനുള്ള അനുമതി മാത്രമാണ് നൽകിയിരുന്നത്. എന്നാൽ പുറമ്പോക്കിൽ നിന്ന് വലിയ തോതിൽ പാറയും പൊട്ടിച്ചു. ഒരു വർഷം മുൻപ് നൽകിയ ഈ മണ്ണെടുപ്പ് പാസ് ഉപയോഗിച്ചാണ് ഇവിടെനിന്നും മണ്ണും പാറയും എടുത്തിരുന്നത്. നാട്ടുകാരിൽ നിന്നുള്ള പരാതിയെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചതിനെ തുടർന്നാണ് മണ്ണെടുപ്പും പാറപൊട്ടിക്കലും നിർത്തിവെച്ചത്.
സർക്കാർ ആവശ്യത്തിനാണെങ്കിലും കരാറുകാരൻ മുഖേനയാണ് മണ്ണെടുക്കുന്നതെങ്കിൽ നിയമപ്രകാരം അനുമതി വാങ്ങണം. റവന്യു പുറമ്പോക്കിൽ നിന്നും അനുമതിയില്ലാതെയാണ് മണ്ണെടുപ്പും പാറഖനനവും നടത്തിയിരിക്കുന്നത്. ഇക്കാരണത്താൽ കുറ്റക്കാർ പിഴയൊടുക്കാൻ ബാദ്ധ്യസ്ഥരാണ്. കെ.എൻ രാമൻ നമ്പൂതിരി
(ആലപ്പുഴ ജിയോളജിസ്റ്റ് )