johnthomas

പത്തനംതിട്ട: ജോൺ തോമസിനെക്കാൾ ഇരട്ടിയിലധികം പ്രായമുണ്ട് അദ്ദേഹത്തിന്റെ തയ്യൽ മെഷീന്. മലയാലപ്പുഴ പുതുക്കുളം മാറാലിൽ വീട്ടിൽ ജോണിന് വയസ് 72. തയ്യൽമെഷീനോ? ഒന്നര നൂറ്രാണ്ടിലധികം പഴക്കം. പക്ഷേ,​ പല്ലു കൊഴിഞ്ഞ സിംഹമല്ല ജോണിന്റെ തയ്യൽ മെഷീൻ. ഇപ്പോഴും കില്ലാടി രാജ തന്നെ. തുന്നലിൽ മിന്നും ഈ സിംഗർ മെഷീൻ.

ഇപ്പോഴും ജോണിന്റെ തുന്നൽ ഇൗ മെഷീനിലാണ്. ചിലർ പുരാവസ്തുവെന്ന് പരിഹസിക്കുമെങ്കിലും ജോണിന് അതൊരു നിധിയാണ്. എത്ര വില കൊടുക്കാമെന്നു പറഞ്ഞാലും അത്‌ വില്ക്കില്ല.

പുതുക്കുളം ഭാഗത്തെ ആദ്യകാല തയ്യൽക്കാരനാണ് ജോൺ തോമസ്. 1965-ലാണ് പുരാതനമായ ഇൗ തയ്യൽ മെഷീൻ ജോണിന്റെ കൈയിലെത്തുന്നത്. മുംബയിൽ തയ്യൽ ജോലി ചെയ്തിരുന്ന ജോൺ തിരികെ നാട്ടിലെത്തിയപ്പോൾ പിതാവിന്റെ കൂടെ കായംകുളം ചന്തയിൽ കപ്പക്കച്ചവടത്തിനു പോകുമായിരുന്നു. അവിടത്തെ തയ്യൽക്കാരനായ മുഹമ്മദിനെ പരിചയപ്പെട്ടു. മുഹമ്മദിന്റെ കടയിലെ മെഷീൻ കണ്ടപ്പോൾ ജോണിന് ആഗ്രഹം; അതു വേണം. കടയിൽ വേറെയും തയ്യൽ മെഷീനുകളുണ്ടായിരുന്നെങ്കിലും ജോണിന് സിംഗർ മതിയായിരുന്നു. ഏറെ പഴക്കമുള്ള മെഷീൻ മുഹമ്മദ് അന്ന് ജോണിനു വിറ്റത് 5000 രൂപയ്ക്ക്. മുഹമ്മദിന്റെ അച്ഛനും അപ്പൂപ്പനും തയ്ച്ചിരുന്ന മെഷീനാണ്. പുരാതനമായ സിംഗർ മെഷീനുമായി നാട്ടിലെത്തി തയ്യൽക്കട തുടങ്ങാനിരുന്ന ജോണിന് നാട്ടുകാർ പുതിയ പേരിട്ടു; സിംഗർ ജോൺ!

നിർമ്മാണം 1870 കളിൽ

ലോകത്തെ ആദ്യ തയ്യൽ മെഷീൻ 'സിംഗർ' കമ്പനി പുറത്തിറക്കിയത് 1851- ലാണ്. ജോണിനൊപ്പമുള്ള മെഷീൻ 1870-കളിൽ നിർമ്മിച്ചതാണെന്നാണ് കരുതുന്നത്. വർഷം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും മൂന്നു തലമുറ കൈമറിഞ്ഞാണ് ഇവനെ തനിക്കു കിട്ടിയതെന്ന് ജോൺ പറയുന്നു.

അത്യാവശ്യം അറ്റകുറ്റപ്പണി വേണ്ടിവന്നാൽ ചെയ്യുന്നത് ജോൺ തന്നെ. ഇവന്റെ ശരീരരഹസ്യം ജോണിനെപ്പോലെ മറ്റാർക്കും അറിയില്ലല്ലോ. ശോശാമ്മയാണ് ജോണിന്റെ ഭാര്യ. മക്കൾ: ബിൻസി, എബി, ഫെബിൻ.