പത്തനംതിട്ട- ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്‌​ടർ പി ബി നൂഹ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാദ്ധ്യത പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
ഓറഞ്ച് അല്ലെങ്കിൽ റെഡ് അലർട്ടിലേക്ക് മഞ്ഞ അലർട്ട് മാറുന്ന പക്ഷം പ്രളയ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന എമർജൻസി കിറ്റ് തയാറാക്കി വയ്ക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറുകയും വേണം. എമർജൻസി കിറ്റ് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വയ്ക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും അടിയന്തര സാഹചര്യത്തിൽ ആരെയും കാത്തുനിൽക്കാതെ എമർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാൻ ഉതകുന്ന തരത്തിൽ വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും വേണം. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന വീട്ടിലെ ഉയർന്ന സ്ഥലത്തു സൂക്ഷിക്കുക.

ജില്ലയിൽ കാലവർഷ ദുരന്തലഘൂകരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കളക് ടറേറ്റിലും, എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം. കളക്‌​ടറേറ്റ് 0468 2322515/ 0468 2222515/ 8078808915, താലൂക്ക് ഓഫീസ് തിരുവല്ല 0469 2601303, കോഴഞ്ചേരി 04682222221, മല്ലപ്പളളി 0469 2682293, അടൂർ 04734 224826, റാന്നി 04735 227442, കോന്നി 0468 2240087.