പത്തനംതിട്ട : സൂക്ഷിച്ചോളൂ.. ഭക്ഷണ സാധനങ്ങളിൽ മായം ചേർക്കുന്നത് ഇപ്പോൾ നാട്ടുനടപ്പായിട്ടുണ്ട്. വിപണിയിൽ കച്ചവടം പൊടിപൊടിക്കുന്നവയിൽ പലതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. അധികൃതർ നടത്തിയ പരിശോധനയിൽ നിരവധി കള്ളത്തരങ്ങൾ ജില്ലയിലും കണ്ടെത്തി . ചപ്പാത്തി, എണ്ണ, ഉപ്പ്, മത്സ്യം, സോഡ, ഉപ്പേരി, മിക്സർ, റസ്ക് എന്നിവയിലെല്ലാം മായം ചേർന്നിട്ടുണ്ട്..ആറുമാസം തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കുന്ന ക്രിമിനൽ കേസിന്റെ പരിധിയിൽപ്പെടുന്ന കുറ്റമാണിത്.

ചപ്പാത്തിയാണ് മുന്നിൽ

ഈ വർഷം ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഏറ്റവും സുരക്ഷിതമല്ലാത്തതായി കണ്ടെത്തിയത് ചപ്പാത്തിയാണ്. 9 കേസുകൾ. അനുവദനീയമായതിൽ കൂടുതൽ അസംസ്കൃത വസ്തുക്കൾ ചേർത്താണ് ചപ്പാത്തി വിപണിയിൽ എത്തിക്കുന്നത്. എന്തൊക്കെ അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന് ലേബലിൽ കാണിക്കണമെന്നാണ് നിയമം. അല്ലെങ്കിൽ ക്രിമിനൽ കേസ് ഫയൽ ചെയ്യും. പക്ഷേ ഇത് പാലിക്കുന്നില്ല. ഹാഫ് കുക്ക്ഡ് എന്ന പേരിലാണ് വിപണിയിൽ എത്തുന്നത്. സോർബിക് ആസിഡാണ് ഇതിൽ കൂടുതലായി ഉപയോഗിക്കുന്നത്.

വെളിച്ചെണ്ണയും വില്ലൻ

മോശം വെളിച്ചണ്ണ സംബന്ധിച്ച് 14 കേസുകളുണ്ട്. വെളിച്ചെണ്ണയെന്ന വ്യാജേന 80 ശതമാനം പാമോലിനും 20 ശതമാനം വെളിച്ചെണ്ണയും കലർത്തിയാണ് വിൽപന. ലേബലിൽ വിവരങ്ങൾ ഉണ്ടാകില്ല. ശുദ്ധമായ വെളിച്ചെണ്ണയുടെ വിലയാണ് ഇവയ്ക്ക് ഇൗടാക്കുന്നത്. അടുത്തകാലത്ത് മായംകലർന്ന 74 ബ്രാൻഡുകൾ സംസ്ഥാനത്ത് നിരോധിച്ചിരുന്നു.

മിക്സർ, ഉപ്പേരി, ടീറസ്ക്

മിക്സർ, ഉപ്പേരി, ടീറസ്ക് തുടങ്ങിയവയ്ക്ക് ക്രിത്രിമമായ നിറങ്ങൾ നൽകിയാണ് വിപണിയിൽ എത്തിക്കുന്നത്. ഇതുസംബന്ധിച്ച് നാല് കേസുകളുണ്ട്. ടർട്രൈസൻ എന്ന ക്രിത്രിമ നിറമാണ് ഇവയിൽ ചേർക്കുന്നത്. ഇതും ക്രിമിനൽ കേസിന്റെ പരിധിയിൽപ്പെടുന്നതാണ്. ശർക്കരയിൽ പോലും കളർ ചേർക്കുന്നത് കണ്ടെത്തിയിട്ടുണ്ട്..

സോഡയും ശരിയല്ല

ജില്ലയിലെ പതിനഞ്ച് സോഡാ ഉല്പാദന യൂണിറ്റുകളിൽ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നാലെണ്ണത്തിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. രണ്ട് യൂണിറ്റിന്റെ പ്രവർത്തനം മോശമായ രീതിയിലാണ്. സോഡയുടെ സാമ്പിൾ ശേഖരിച്ച് കൂടുതൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഗ്ലാസ് ബോട്ടിൽ സോഡയിൽ യാതൊരുവിധ ലേബലും ഇല്ലാതെ വില്പന നടത്തുന്നത് ശിക്ഷാർഹമാണ്.

-------------------------------

ആഹാര സാധനങ്ങൾ കൂടുതൽ സമയം കേടുകൂടാതെ ഇരിക്കാനാണ് അസംസ്കൃത വസ്തുക്കൾ ചേർക്കുന്നത്. എന്നാൽ അനുവദനീയമായതിൽ കൂടുതൽ ചേർക്കുകയും ലേബലിൽ കാണിക്കാതിരിക്കുകയും ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്.

ശ്രീകല ,ജില്ലാ ഭക്ഷ്യവകുപ്പ് ഓഫീസർ

---------------------------------------

ജില്ലയിൽ 43 ഭക്ഷ്യ ഉൽപാദകർക്കെതിരെ കേസ്

----------------------------

പ്ലാസ്റ്റിക് പേപ്പർ വേണ്ടേ വേണ്ട

ജൂലായ് ഒന്ന് മുതൽ ഹോട്ടലുകളിൽ നിന്ന് ആഹാരസാധനങ്ങൾ പ്ലാസ്റ്റിക് പേപ്പറിൽ നൽകരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ കർശന നിർദേശമുണ്ട്. ഇതിനുപകരം സ്റ്റെയിൻലെസ് സ്റ്റീൽ, ഗ്ലാസ്, അലൂമിനിയം ഫോയിൽ എന്നിവ ഉപയോഗിക്കാം.ഭക്ഷണ സാധനങ്ങളിൽ പ്ലാസ്റ്റിക് ഉരുകിച്ചേർന്ന് കാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.