> സ്വയംതൊഴിൽ സംരംഭങ്ങൾക്ക് അനുമതി നിഷേധിക്കുന്നു
> പൊതുമേഖലാ ബാങ്കുകൾ തഴയുന്നു
> മലിനീകരണ നിയന്ത്രണബോർഡ് ചട്ടങ്ങൾ പാലിക്കുന്നില്ല
> കെട്ടിട നമ്പർ നൽകുന്നതിൽ പഞ്ചായത്തുകൾ വീഴ്ചവരുത്തുന്നു
പത്തനംതിട്ട: സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സർക്കാർ വകുപ്പുകളും പൊതുമേഖലാ ബാങ്കുകളും അനുമതി നൽകുന്നില്ലെന്ന് പ്രവാസി കമ്മിഷനു മുന്നിൽ പരാതിപ്രളയം. ഇന്നലെ നടന്ന അദാലത്തിൽ സ്വയംസംരംഭകർക്ക് അനുമതി നിഷേധിക്കൽ, വായ്പ നിഷേധിക്കൽ എന്നിവയും ഭൂമി, കെട്ടിടം, തൊഴിൽ എന്നിവ നഷ്ടപ്പെട്ടതും ചികിത്സ ധനസഹായം ,സംബന്ധിച്ചും പരാതികളെത്തി.
കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കാര്യമായ സഹായം ലഭിക്കുന്നില്ല. സ്വയംതൊഴിൽ സംരംഭം തുടങ്ങിയിട്ടുള്ള പ്രവാസികൾക്ക് ആവശ്യമായ അനുമതികൾ വിവിധ വകുപ്പുകൾ നൽകുന്നില്ല. മലിനീകരണ നിയന്ത്രണ ബോർഡ് ചട്ടങ്ങൾ പാലിക്കാതെ അകാരണമായ ഇടപെടൽ നടത്തുന്നു. റവന്യുവിലെ ചില ഉദ്യോഗസ്ഥർ ആവശ്യമായ അനുമതികൾ നൽകുന്നില്ല. പഞ്ചായത്തുകൾ കെട്ടിട നമ്പർ നൽകുന്നതിൽ കാലതാമസം വരുത്തുന്നു എന്നിങ്ങനെ പരാതികൾ നീണ്ടു.
പ്രവാസി ജീവിതത്തിൽ നിന്ന് മടങ്ങി നാട്ടിലെത്തി ആരംഭിച്ച പലഹാര നിർമാണ യൂണിറ്റിന് പഞ്ചായത്ത് ലൈസൻസ് നീട്ടി നൽകിയില്ലെന്ന് ആറൻമുള സ്വദേശി രോഷത്തോടെ പറഞ്ഞു.
പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾ സംഘടനാ ഭാരവാഹികൾ ഉന്നയിച്ചു. നിലവിൽ 60 വയസ് കഴിഞ്ഞവർക്കുകൂടി പ്രവാസി ക്ഷേമനിധിയിൽ അംഗമാകാനും പെൻഷൻ ലഭ്യമാക്കാനും നടപടി വേണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
പ്രവാസി കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് പി.ഡി. രാജൻ, അംഗം ബെന്യാമിൻ, ആസാദ് തിരൂർ, മെമ്പർ സെക്രട്ടറി എച്ച്.നിസാർ, നോർക്ക റൂട്‌സ് സെന്റർ മാനേജർ എ.ബി അനീഷ്, പ്രവാസി ക്ഷേമനിധി ബോർഡ് അസിസ്റ്റന്റ് കെ.എൽ.അജിത് കുമാർ എന്നിവർ പങ്കെടുത്തു.
>>
38 പരാതികൾ
അദാലത്തിൽ 38 പരാതികൾ പരിഗണിച്ചു. ഇതിൽ 20 പരാതിയിൽ തീരുമാനമായി. മറ്റു പരാതികളുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട വകുപ്പുകളോട് കമ്മിഷൻ ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളും, നോർക്ക റൂട്ട്‌സുമായി ബന്ധപ്പെട്ട നാലു പരാതികളും തത്സമയം പരിഹരിച്ചു. പെൻഷൻ, ചികിത്സാ സഹായം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് പരിഹരിച്ചത്.
>>
''
സംരംഭങ്ങൾ തുടങ്ങാൻ തയ്യാറാകുന്ന പ്രവാസികളോട് സർക്കാർ വകുപ്പുകളും പൊതുമേഖലാ ബാങ്കുകളും കാണിക്കുന്ന നിസഹകരണം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ട് നഷ്ടപരിഹാരം ലഭിക്കാതെ തിരികെ വരുന്നവരുടെ അപേക്ഷകളിൽ നോർക്ക സെക്രട്ടറിയെ നിയോഗിച്ച് വിദേശകാര്യ വകുപ്പ് മുഖേന റിപ്പോർട്ട് വാങ്ങുന്നതിന് നടപടി സ്വീകരിക്കും.
ജസ്റ്റിസ് പി.ഡി. രാജൻ, പ്രവാസി കമ്മിഷൻ ചെയർമാൻ.