തെങ്ങമം: കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ത് മൂലം ഇന്നലെ തെങ്ങമം ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പെട്ടുപോയി. സ്കൂൾ തുറക്കും മുമ്പുതന്നെ സമരക്കാർ ഗേറ്റ് പൂട്ടി കൊടി കെട്ടി സ്ഥലംവിട്ടിരുന്നു. ഇതോടെ മഴയും തുടങ്ങി. പിന്നീടെത്തിയ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്കൂളിൽ കടക്കാനാകാതെ മഴനനഞ്ഞ് കാത്തുനിന്നു. പൊലീസെത്തിയാണ് ഇവരെ സ്കൂളിലേക്ക് കടത്തിവിട്ടത്. സ്കൂളിൽ പഠിപ്പുമുടക്കി സമരം പാടില്ലെന്ന് ഹൈക്കോടതി വിധിയുണ്ട്. കഴിഞ്ഞദിവസം എ.ബി.വി.പിയുടെ സമരത്തിൽ അടൂർ എസ്.ഐ യുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയിരുന്നു. തുടർന്ന് പഠിപ്പുമുടക്കാതെ സമരക്കാർ പിരിഞ്ഞുപോവുകയായിരുന്നു.
സ്കൂൾ ഗേറ്റ് പൂട്ടിയ കെ.എസ്.യുക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ പ്രിൻസിപ്പലിനെയും ഹെഡ്മാസ്റ്ററെയും ഉപരോധിച്ചു. ഗേറ്റ് പൂട്ടി കൊടികെട്ടി തടസമുണ്ടാക്കിയ സംഭവം പൊലീസിൽ അറിയിച്ചെന്നും കോടതിവിധി ലംഘിച്ചവർക്കെതിരെ പി.ടി.എ യുമായി ആലോചിച്ച് പരാതി നൽകുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
ഉപരോധത്തിന് ബി.ജെ.പി മണ്ഡലം സെക്രട്ടറി എം.രാജേഷ്, ശിവദാസക്കുറുപ്പ്, വിജയകുമാർ, ഗോവിന്ദ്,സനൂപ് എന്നിവർ നേതൃത്വം നൽകി.