ബി.ജെ.പി കേന്ദ്രനേതാക്കൾ ഉറപ്പ് നൽകിയെന്ന് കർമ്മസമിതി
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുന:പരിശോധനാ ഹർജികളിൽ സുപ്രീംകോടതി വിധി എതിരായാൽ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തുമെന്ന് ശബരിമല കർമ്മസമിതിക്ക് ബി.ജെ.പി കേന്ദ്രനേതാക്കൾ ഉറപ്പുനൽകി. സുപ്രീംകോടിതി വിധി നിലനിൽക്കെ അതിനെതിരെ നിയമനിർമ്മാണം നടത്താനാവില്ലെന്നും അവർ വ്യക്തമാക്കി.
ഇന്നലെ പന്തളത്ത് ചേർന്ന ശബരിമല കർമ്മ സമിതി സംസ്ഥാന സമിതി യോഗത്തിലാണ് ബി.ജെ.പിയുടെ നിലപാട് അറിയിച്ചത്.വിധി എതിരായാൽ നിയമനിർമ്മാണത്തിനുളള കരട് രേഖ തയ്യാറാക്കാൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുടെ പാനലിനെ ചുമതലപ്പെടുത്തി. ഹൈന്ദവ നേതാക്കളുമായി ചർച്ച ചെയ്താവും കരട് തയ്യാറാക്കുന്നത്.
അതേസമയം, ശബരിമല വിഷയത്തിൽ പാർലമെന്റിൽ ശശി തരൂരും ആന്റോ ആന്റണിയും നിയമനിർമ്മാണം ആവശ്യപ്പെട്ടത് കോൺഗ്രസിന് നേട്ടമായെന്ന് യോഗത്തിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന കേന്ദ്ര നിയമമന്ത്രിയുടെ ഒഴുക്കൻ മറുപടി ഭക്തരിൽ നിരാശയുണ്ടാക്കിയതായും അവർ പറഞ്ഞു..
നിയമ നിർമ്മാണം നടത്താൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. തിരഞ്ഞെടുപ്പ് തോൽവിയോടെ തിരിച്ചറിവ് നേടിയ സംസ്ഥാന സർക്കാർ ഇനി യുവതീ പ്രവേശനത്തിന് ഇനി അമിതാവേശം കാട്ടില്ലെന്ന് പ്രതിനിധികൾ പറഞ്ഞു.
ശബരിമലയിലെ ആചാര സംരക്ഷണത്തിനുളള പ്രചാരണ പരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു. മുന്നൂറോളം പേർ പങ്കെടുത്തു. പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി.ജി ശശികുമാരവർമ്മ നിലവിളക്ക് കൊളുത്തി. സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു.
ഒക്ടോബറിൽ
രഥയാത്ര
ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഒക്ടോബറിൽ എല്ലാ ജില്ലകളിലും രഥയാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
നവംബറിൽ കാസർകോട് നിന്ന് പത്തനംതിട്ട വരെ രഥയാത്ര നടത്തും. അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിൽ അഞ്ച് സംസ്ഥാനങ്ങളിലും രഥയാത്ര നടത്തും .വിധി എതിരായാൽ നിയമനിർമ്മാണത്തിന് ദേശവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ അറിയിച്ചു. കെ.പി. ശശികല, സ്വാമി അയ്യപ്പദാസ്, കെ.എസ് നാരായണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.