rakhunadhan

ആറൻമുള:രാഹുൽഗാന്ധി വീട്ടിൽ കയറിയത് സി. പി. എം. അനുഭാവിക്ക് വലിയ പാരയായി. കഴിഞ്ഞ പ്രളയത്തിൽ വള്ളവുമായി ഇറങ്ങി നൂറോളം പേരെ രക്ഷിച്ച ആളാണ് ആറൻമുള എഴീക്കാട് കോളനി ബ്ളോക്ക് 78 ബിയിലെ രഘുനാഥൻ. രഘുനാഥന്റെ വീടിനും കഴിഞ്ഞ പ്രളയത്തിൽ ബലക്ഷയമുണ്ടായി. പ്രളയ ജലം ഇറങ്ങിയപ്പോഴേക്കും അടിത്തറ മണ്ണിലേക്ക് ഇരുന്ന് ചരിഞ്ഞു തുടങ്ങിയ വീട് നന്നാക്കാനുള്ള ധനസഹായത്തിനായി മൂന്ന് തവണ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. വീട് ഒരു വശത്തേക്ക് താഴുകയും ഭിത്തികൾ പിളരുകയും ചെയ്തു. അന്ന് പ്രളയ പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ ഗാന്ധി തന്റെ വീട്ടിൽ എത്തി എന്ന ഒറ്റക്കാരണത്താൽ സി. പി. എം. ഭരിക്കുന്ന പഞ്ചായത്ത് തനിക്ക് ധനസഹായം നിഷേധിക്കുന്നു എന്നാണ് രഘുനാഥൻ പറയുന്നത്.

പത്തനംതിട്ട ജില്ലയിൽ പ്രളയം ഏറ്റവും കൂടുതൽ വിഴുങ്ങിയത് എഴീക്കാട് കോളനിയേയും സമീപ പ്രദേശങ്ങളെയുമായിരുന്നു. പുഞ്ചയിൽ മീൻപിടിക്കാൻ വലയിട്ട് തിരികെ വരുമ്പോൾ വെള്ളത്തിൽ മുങ്ങിയ നാടാണ് കണ്ടത്. രഘുനാഥൻ വള്ളവുമായി ഇറങ്ങി. നൂറോളം പേരെ രക്ഷിച്ചു.

ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയ രഘുനാഥന്റെ ധീരതയെക്കുറിച്ച് കോൺഗ്രസ് പ്രവർത്തകരാണ് കഴിഞ്ഞ വർഷം ആഗസ്റ്റ് 28ന് സ്ഥലം സന്ദർശിച്ച രാഹുലിനോട് പറഞ്ഞത്. കോളനി റോഡിലൂടെ നടക്കുകയായിരുന്ന രാഹുൽ അത് കേട്ടപാടെ രഘുനാഥന്റെ വീട്ടിലേക്ക് ഒാടിക്കയറി കെട്ടിപ്പിടിച്ചു. ആ ആനന്ദം ഇപ്പോഴും ഉണ്ട്. പക്ഷേ രാഹുൽഗാന്ധി തന്റെ വീട്ടിലെത്തിയത് ഒരു വിഭാഗം സി.പി.എം നേതാക്കളെ ചൊടിപ്പിച്ചു. സി.പി.എം അനുഭാവിയായ താൻ കോൺഗ്രസായെന്നായി പ്രചാരണം.

ബലക്ഷയം ഉണ്ടായ വീട്ടിൽ രഘുനാഥന്റെ ഭാര്യ രേണുകയും മക്കളായ ശശികലയും രാഹുലും ഭീതിയോടെയാണ് കഴിയുന്നത്. അറ്റകുറ്റപ്പണിക്ക് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായത്തിനായി രഘുനാഥൻ പഞ്ചായത്തിനും ജില്ലാ കളക്ടർക്കും മൂന്ന് തവണ അപേക്ഷ നൽകിയിട്ടുംഒന്നും കിട്ടിയില്ല. പഞ്ചായത്തിൽ നിന്ന് ശുപാർശ ചെന്നില്ലെന്നായിരുന്നു കളക്ടറുടെ മറുപടി. പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം തന്നെ ഒറ്റപ്പെടുത്തി പണം നൽകാതിരിക്കുകയാണെന്ന് രഘുനാഥൻ പറയുന്നു. രാഹുൽഗാന്ധിയോട് തന്റെ വീട്ടിൽ കയറരുതെന്ന് പറയാൻ പറ്റുമോയെന്നാണ് രഘുനാഥന്റെ ചോദ്യം.

''ആറൻമുള പഞ്ചായത്തിലെ ദുരിതാശ്വാസ തുക വിതരണം ചെയ്യുന്നുണ്ട്. സഹായത്തിനുള്ള രഘുനാഥന്റെ അപേക്ഷ ശ്രദ്ധയിൽപ്പെട്ടില്ല.''

--ഐഷാ പുരുഷോത്തമൻ

പഞ്ചായത്ത് പ്രസിഡന്റ്