ആറൻമുള: നാടകവും സാമൂഹിക പ്രവർത്തനവുമായി നടന്നയാളാണ് വല്ലന പെരുമാശേരിൽ പി.സി.രാജൻ. ഒരു ദിവസം വയറ് വേദന വന്നപ്പോഴാണ് ആമാശയത്തിൽ കാൻസറാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം ആർ.സി.സിയിൽ ശസ്ത്രക്രിയ നടത്തി. എന്നാൽ, രാജൻ രോഗിയായില്ല. എഴുന്നേറ്റ് നടക്കാറായപ്പോൾ കൂന്താലിയും മൺകോരിയുമെടുത്തു. മുപ്പത് സെന്റുളള പാടത്തേക്കിറങ്ങി. വാഴയും പച്ചക്കറിയും നട്ടു. നൂറ് മേനി വിളവെടുത്തു. അയൽവീട്ടുകാരുടെ കൃഷിയിടവും കൂടി പാട്ടത്തിനെടുത്തു. പച്ചക്കറി വിത്തുകൾ നാട്ടുകാർക്ക് സൗജന്യമായി വിതരണം ചെയ്തു. വല്ലനയെന്ന കൊച്ചു നാടിനെ വിഷരഹിത പച്ചക്കറി ഗ്രാമമാക്കാനുളള രാജന്റെ ശ്രമങ്ങൾക്ക് പിന്തുണയേറി.
രാജന്റെ ഒരേക്കർ പത്ത് സെന്റ് കൃഷിയിടത്തിൽ വാഴ, പയർ, പാവൽ, മുളക്, വഴുതന, കുമ്പളങ്ങ, തക്കാളി, മത്തങ്ങ, പീച്ചിങ്ങ, ശീമപ്പയർ, ചേന...തുടങ്ങിയവ സമൃദ്ധമായി വളരുന്നു. മൂന്നു വർഷമായി വല്ലനയിൽ വിഷരഹിത പച്ചക്കറി വിളയിക്കുകയാണ് രാജൻ. പച്ചക്കറി വിത്തുകൾ സൗജന്യമായി നാട്ടുകാർക്ക് കൊടുക്കുന്നതിന് രാജൻ ആവിഷ്കരിച്ച പദ്ധതി മൂന്നാം വർഷത്തിലേക്ക് കടന്നു. ' ഒാരോ വീട്ടിലും അടുക്കളത്തോട്ടം' എന്ന പേരിൽ ആദ്യ വർഷം പച്ചക്കറി വിത്തുകൾ പാക്കറ്റിലാക്കി വിതരണം ചെയ്തു.
തുടർന്നുളള വർഷത്തെ 'ഒാണത്തിന് ഒരു കുട്ട പച്ചക്കറി' എന്ന പരിപാടിക്ക് വലിയ പ്രചാരം കിട്ടി. ആകാശവാണിയിലെ വയലുംവീടും പരിപാടിയിലൂടെ രാജന്റെ കൃഷി രീതികൾ വല്ലനയും കടന്ന് കേരളമാകെ അറിഞ്ഞു. കാർഷിക പ്രസിദ്ധീകരണങ്ങളിലും രാജന്റെ വിഷരഹിത പച്ചക്കറി ഗ്രാമം ചർച്ചയായി. രാജന്റെ പദ്ധതിയുടെ ചുവട് പിടിച്ച് 'ഒാണത്തിന് ഒരു മുറം പച്ചക്കറി' എന്ന പേരിൽ സർക്കാർ കൃഷിഭവനുകൾ മുഖേന പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ഇൗ വർഷം 'ആയുസ് നീട്ടാൻ അടുക്കളത്തോട്ടം' എന്നാണ് രാജൻ വിത്ത് വിതരണത്തിന് നൽകിയ പേര്. പുതിയ തലമുറ രോഗത്തിനിരയാകാതിരിക്കാൻ ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയാണ് രാജന്റെ ലക്ഷ്യം.
മനസുവച്ചാൽ കാൻസറിനെ കീഴ്പ്പെടുത്താൻ പല മാർഗങ്ങളുണ്ടെന്നും അതിലൊന്നാണ് കൃഷിയെന്നും 59കാരനായ രാജൻ പറയുന്നു. രാജൻ കൃഷി തുടങ്ങിയിട്ട് ഇരുപത്തഞ്ച് വർഷമായി. കാൻസറിന്റെ ശസ്ത്രക്രിയ കഴിഞ്ഞുളള വിശ്രമത്തിനു ശേഷം കൃഷിയിലേക്ക് മടങ്ങി. രാവിലെ ആറര മുതൽ ഒൻപതര വരെയും വൈകിട്ട് മൂന്നര മുതൽ ആറര വരെയും കൃഷിയിടത്തിലുണ്ട്. ചാണകവും ചാരവും കോഴിവളവും വേപ്പിൻ പിണ്ണാക്കുമാണ് പച്ചക്കറി കൃഷിക്ക് വളമായി ഉപയോഗിക്കുന്നത്.
മെഴുവേലി കാർഷിക സ്വാശ്രയ വിപണിയുടെ ആദ്യ പ്രസിഡന്റും സജീവ അംഗവുമാണ്. ആറൻമുള കൃഷിഭവന്റെ കീഴിലുളള വല്ലന വെജിറ്റബിൾ ക്ളസ്റ്ററിന്റെ പ്രസിഡന്റാണ്. രാജൻ നേതൃത്വം നൽകുന്ന വല്ലന ശ്രീനാരായണ സ്വയംസഹായ സംഘത്തിന് വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രൊമോഷൻ കൗൺസിലിന്റെ വായ്പ ലഭിക്കുന്നു.
കുട്ടിക്കാലം മുതൽ നാടക കമ്പക്കാരനായ പി.സി.രാജൻ ഇരുപത് വർഷമായി ആകാശവാണി നാടകങ്ങൾക്ക് ശബ്ദം നൽകുന്നു. ആറ് നാടകങ്ങൾ എഴുതി. വല്ലന വിവേകോദയം ഗ്രന്ഥശാലയുടെ പ്രസിഡന്റാണ്. കൃഷിയിലും കലയിലും രാജന് പിന്തുണയുമായി ഭാര്യ സുധയും മക്കൾ ജോതിഷ്കുമാറും വൈശാഖുമുണ്ട്.