ആറൻമുള: മഹാപ്രളയത്തിന്റെ കെടുതികളിൽ നിന്ന് മുഖംമിനുക്കി വരികയാണ് ജില്ല. പക്ഷേ ആറൻമുള കണ്ണാടി യൂണിറ്റുകൾ ഇനിയും പഴയ തെളിമയിലെത്തിയിട്ടില്ല. ലക്ഷങ്ങളുടെ നഷ്ടമാണ് പ്രളയം ഇൗ മേഖലയിൽ ഉണ്ടാക്കിയത്. കരകയറ്റാൻ സഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. സർക്കാരിന്റെ കനിവിന് കാത്തിരുന്ന് പട്ടിണിയിലായ കണ്ണാടി നിർമ്മാതാക്കൾ സ്വന്തം നിലയ്ക്ക് ബാങ്ക് വായ്പയെടുത്താണ് വീണ്ടും നിർമ്മാണം തുടങ്ങിയത്. പത്ത് ലക്ഷം രൂപ വരെ വായ്പയെടുത്തവരുണ്ട്. എന്നാൽ, കണ്ണാടി വിൽപ്പന പഴയ സ്ഥിതിയിൽ എത്തിയിട്ടില്ല. ഒാർഡറുകൾ കിട്ടുന്നില്ല. ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങി. പലർക്കും ജപ്തിനോട്ടീസ് ലഭിച്ചു.
പ്രളയത്തിൽ തകർന്ന പത്തനംതിട്ട ജില്ലയിലെ കടകളും വ്യവസായ യൂണിറ്റുകളും പുനർനിർമ്മിക്കാൻ സർക്കാർ പ്രഖ്യാപിച്ച വായ്പാ സബ്സിഡിക്ക് അർഹതയുളളവരുടെ പട്ടികയിലാണ് ആറൻമുള കണ്ണാടി നിർമ്മാണ യൂണിറ്റുകൾ. പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പയ് ക്ക് 25 ശതമാനം സബ്സിഡി നൽകുന്ന സർക്കാരിന്റെ ഉജ്ജീവൻ പദ്ധതി പ്രകാരമാണ് ബാങ്ക് വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവാണ് മുടങ്ങിയത്.
--------------------
പ്രളയം കവർന്നതിങ്ങനെ
പ്രളയത്തിൽ നൂറിലേറെ കണ്ണാടികൾ ഒഴുകിപ്പോയിരുന്നു. ചിലതൊക്ക ആറൻമുള പുഞ്ചയിലെ ചെളിയിൽ നിന്ന് തിരിച്ചുകിട്ടി. നിർമ്മാണ സാമഗ്രികളിൽ വിലപിടിപ്പുളള ഇൗയവും ചെമ്പും ഒഴുകിപ്പോയി. പുറംചട്ടയുണ്ടാക്കാനുളള മെഷിനുകൾ നശിച്ചു.
നഷ്ടങ്ങൾ തിട്ടപ്പെടുത്താൻ സാംസ്കാരിക വകുപ്പിലെയും വ്യവസായ കേന്ദ്രത്തിലേയും ഉദ്യോഗസ്ഥർ എത്തിയതല്ലാതെ പിന്നീട് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഹാബിറ്റാറ്റും ആറൻമുള ഹെറിറ്റേജ് ട്രസ്റ്റും കണ്ണാടി നിർമ്മാണ ഉപകരണങ്ങൾ വാങ്ങാൻ യൂണിറ്റുകൾക്ക് ചെറിയതോതിൽ സാമ്പത്തിക സഹായം നൽകിയിരുന്നു.
-------------------------------
കണ്ണാടി നിർമ്മാണ യൂണിറ്റുകൾ- 30.
കുലത്തൊഴിൽ ചെയ്യുന്ന കുടുംബങ്ങൾ - 200
>>>
നിർമ്മാതാക്കൾ രണ്ടുതട്ടിൽ,
അധികൃതരും മടുത്തു
എണ്ണത്തിൽ കുറവാണെങ്കിലും കണ്ണാടി നിർമ്മാതാക്കൾ രണ്ടുതട്ടിലാണ്. ഇവരുടെ ഭിന്നത കാരണം ഇൗ പരമ്പരാഗത കൈത്തൊഴിലിനെ സംരക്ഷിക്കാൻ ജില്ലാ വ്യവസായ കേന്ദ്രം നടത്തിയ ശ്രമം വിജയിച്ചില്ല. കണ്ണാടി നിർമ്മാതാക്കളെയെല്ലാം ഒരു കെട്ടിടത്തിലാക്കി ആലകൾ സ്ഥാപിക്കാനും നിർമ്മാണ സാമഗ്രികൾ എത്തിക്കാനുമായി ജില്ലാ വ്യവസായ കേന്ദ്രം മുൻ മാനേജർ അനിൽകുമാർ പദ്ധതി തയ്യാറാക്കിയിരുന്നു. കെട്ടിടം നിർമ്മിക്കാൻ വിമാനത്താവളം പദ്ധതി പ്രദേശത്ത് സ്ഥലം കണ്ടെത്തിയതാണ്. ഇത് ചർച്ച ചെയ്യാൻ കണ്ണാടി നിർമ്മാതാക്കളുടെ യോഗം രണ്ടു തവണ ആറൻമുളയിൽ ചേർന്നു. നിർമ്മാതാക്കാൾ തമ്മിൽ തർക്കമായതിനെ തുടർന്ന് നടപടികളുമായി മുന്നോട്ടുപോകാനായില്ല. ഇതോടെ അധികൃതർ പിൻവാങ്ങി
ഒരു വിഭാഗം ആറൻമുള കണ്ണാടി നിർമ്മാണ സൊസൈറ്റി രൂപീകരിച്ചത് വിവാദമാവുകയും ചെയ്തു. പരമ്പരാഗതമായി ചെയ്യേണ്ട തൊഴിലിൽ മേഖലയിൽ ബംഗാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതായി ആരോപിച്ച് സൊസൈറ്റിക്കെതിരെ എതിർപ്പുയർന്നു. കണ്ണാടി നിർമ്മാണത്തിന്റെ കൂട്ടും വശവും ബംഗാളികൾ സ്വന്തമാക്കുമെന്നായിരുന്നു ആക്ഷേപം. ആറൻമുളയുടെ തനതു കൈത്തൊഴിൽ ബംഗാളികൾ വഴി പുറത്തേക്കു കടത്തി കണ്ണാടിയുടെ പേറ്റന്റ് കൈക്കലാക്കാൻ ലോബികളുടെ ശ്രമമുണ്ടായെന്നും പരാതി ഉയർന്നു.
>>>
'' ആറൻമുള കണ്ണാടി യൂണിറ്റുകളെ കരകയറ്റാൻ സർക്കാർ പ്രത്യേക സഹായം അനുവദിക്കണം. പ്രളയ ശേഷം ബാങ്ക് ലാേണെടുത്ത യൂണിറ്റുകാർ തിരിച്ചടവിന് മാർഗമില്ലാതെ വലയുകയാണ്.
ആർ. മുരുകൻ, ആറൻമുള ഹാന്റിക്രാഫ്സ്.