koduman

കൊടുമൺ: പത്തനംതിട്ടയിൽ പൊതുശ്മശാനത്തോട് ചേർന്ന് നൂറോളം ആടുകളുമായി ജീവിച്ച് സാമൂഹ്യവിരുദ്ധരാൽ കൊലചെയ്യപ്പെട്ട ഏലിക്കുട്ടിയുടെ ജീവിതം നാടകമാകുന്നു. നാടകകൃത്തും സംവിധായകനും അഭിനേതാവുമായ കൊടുമൺ ഗോപാലകൃഷ്ണനാണ് " ഏലിക്കുട്ടിയും കുഞ്ഞാടുകളും " എന്ന പേരിൽ അരങ്ങൊരുക്കുന്നത്. സംസ്കൃത നാടകകൃത്തും അഭിനേതാവുമായിരുന്ന മുത്തച്ഛൻ ഗോവിന്ദ നാരായണനിൽ നിന്ന് 12 വയസിൽ ശിഷ്യത്വം സ്വീകരിച്ചാണ് ഗോപാലകൃഷ്ണൻ നാടക രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് 30 വർഷമായി അരങ്ങിലും അണിയറയിലും സജീവമാണ്. 78 മലയാള നാടകങ്ങളും 14 സംസ്കൃത നാടകങ്ങളും രചിച്ച് സംവിധാനം ചെയ്തു. 12 നാടകങ്ങൾ നാല് പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചു. ഭരതമുനിയുടെ നാട്യശാസ്ത്രം, മഹാകവി ശക്തിഭദ്രന്റെ ആശ്ചര്യചൂഢാമണി എന്നീ നാടകങ്ങളുടെ രചനയിലാണ്. നാടകരംഗത്തേക്ക് പുതുതലമുറയെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് അഭിനയ ക്ലാസ്സുകളും നാടക കളരിയും ഇദ്ദേഹം നടത്തിവരുന്നു. സ്വന്തം നാടക സമിതിയായ സ്വർഗകലയുടെ അരങ്ങിൽ കർണ്ണൻ, കുഞ്ഞാലി മരക്കാർ , ജീവാൻജി , സോക്രട്ടറീസ്, ഈഡിപ്പസ്, ഷേക്സിപിയർ എന്നീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനും കഴിഞ്ഞു. നിഷയാണ് ഭാര്യ, മക്കളായ ഗീതു കൃഷ്ണ, ഗോകുൽ കൃഷ്ണ എന്നിവരും കലാരംഗത്ത് സജീവമാണ്.