ആടൂർ : നഗരഹൃദയത്തിൽ വലിയതോടിന് കുറുകെയുള്ള പാലത്തിന്റെ ഇരുവശങ്ങളിലുമായി പുതിയ പാലങ്ങൾ നിർമ്മിക്കുന്നതിന് തടസമായ ഇലക്ട്രിക് പോസ്റ്റുകളും ട്രാൻസ്ഫോർമറും മാറ്റി സ്ഥാപിക്കാൻ തീരുമാനമായി. ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നഗരസൗന്ദര്യവൽക്കരണവും ലക്ഷ്യമിട്ട് രണ്ട് പാലങ്ങൾ നിർമ്മിക്കാൻ 2017- 18 വർഷത്തെ ബഡ്ജറ്റിൽ പണം വകയിരുത്തിയിരുന്നു. ഇതിനായി 11.10 കോടി രൂപയുടെ ഭരണാനുമതിയും നൽകി. ഇപ്പോഴുള്ള പാലത്തിന്റെ തെക്കുഭാഗത്ത് നിർമ്മിക്കുന്ന പാലത്തിന്റെ പൈലിംഗ് ജോലികൾ അവസാനഘട്ടത്തിലാണ്. ട്രാൻസ്ഫോർമറും 11 കെ.വി ലൈനും മാറ്റി സ്ഥാപിക്കാൻ വൈകിയതു കാരണം വടക്ക് ഭാഗത്തെ പാലത്തിന്റെ പണി തുടങ്ങിയില്ല. ഇതിനുള്ള ചെലവിനായി കഴിഞ്ഞ മാർച്ചിൽ 18 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് വൈദ്യുതി ബോർഡിൽ അടിച്ചു. മൂന്നു മാസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ വന്നതോടെയാണ് എം.എൽ.എ ഇടപെട്ടത്. ഇന്നലെ നടന്ന സംയുക്ത പരിശോധനയിൽ പൊതുമരാമത്ത് - വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതിനുള്ള ജോലി നാളെ ആരംഭിക്കും. മുസ്ലിം മസ്ജിദിനോട് ചേർന്നുള്ള ഓട പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മാറ്റി സ്ഥാപിക്കും.
എം.എൽ.എയ്ക്കൊപ്പം കെ.എസ്.ഇ. ബി എക്സിക്യൂട്ടീവ് എൻജിനിയർ പ്രതാപ് ടി. നൈനാൻ, അസി.എക്സിക്യൂട്ടീവ് എൻജിനിയർ ആർ.ഷാജി, അസി.എൻജിനിയർ മിനുകുമാർ.ആർ, പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനിയർ റസീന, അസി. എൻജിനിയർ ടി.മുരുകേഷ് എന്നിവരും ഉണ്ടായിരുന്നു.
തടസങ്ങൾ നീങ്ങുന്നതോടെ പാലങ്ങളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള നിർദ്ദേശം കരാറുകാർക്ക് നൽകും.
ചിറ്റയം ഗോപകുമാർ എം.എൽ.എ
11.10 കോടിയുടെ പദ്ധതി