തിരുവല്ല: സഹകരണ മേഖലയിലെ ആധുനികവൽക്കരണം അടിയന്തര പ്രാധാന്യമായി നടപ്പാക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവല്ല അർബൻ സഹകരണ ബാങ്കിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനികവൽക്കരണ നടപടികളിലേക്ക് കടക്കേണ്ട സമയമാണിത്. എല്ലാ ബാങ്കുകളും എല്ലായിടത്തും തുടങ്ങുന്ന മത്സരാധിഷ്ഠിത മേഖലയായി ബാങ്കിംഗ് രംഗം മാറി. ഈസാഹചര്യത്തിൽ പിടിച്ചുനിൽക്കുക മാത്രമല്ല മുന്നേറാനും സാധിക്കണമെങ്കിൽ ആധുനിക സേവനം കൊടുക്കാൻ സാധിക്കണം. സ്മാർട്ട് ഫോണിലൂടെ സേവനങ്ങളെല്ലാം ലഭ്യമാക്കണം. ആ സേവനങ്ങൾ കൊടുക്കുന്ന സ്ഥാപനങ്ങൾ തേടി പോകുകയാണ് ഇടപാടുകാർ. സഹകരണമേഖലയിൽ 50വയസിൽ താഴെയുള്ള ഇടപാടുകാർ 23ശതമാനം മാത്രമാണ്. അതൊരു വലിയ പോരാഴ്മയാണ്. ബാങ്കിംഗ് മേഖലയിൽ ഏറ്റവുമധികം ബിസിനസ് ഇടപാടുകൾ നടത്തുന്നതും അവർ തന്നെയാണ്. സഹകരണ മേഖലയോടുള്ള അനിഷ്ടമല്ല കാരണം. അവർക്ക് ഇണങ്ങുന്ന വിധത്തിലുള്ള സേവനങ്ങൾ നൽകാൻ കഴിഞ്ഞില്ലെങ്കിൽ സഹകരണമേഖലയ്ക്ക് ഭാവിയുണ്ടാകില്ല. കാലഘട്ടത്തിന്റെ ആവശ്യം ഉൾക്കൊണ്ടാണ് കേരള ബാങ്ക് എന്ന ആശയം സർക്കാർ രൂപപ്പെടുത്തിയത്. സഹകരണ മേഖലയ്ക്ക് കേരള ബാങ്ക് കൂടുതൽ ശക്തി പകരും. വളരെപ്പെട്ടെന്ന് തന്നെ കേരള ബാങ്ക് രൂപീകരിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ചെയർമാൻ അഡ്വ.ആർ.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മാത്യു ടി.തോമസ് എം.എൽ.എ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു. സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം വീണാ ജോർജ്ജ് എം.എൽ.എ നിർവ്വഹിച്ചു. ഉന്നതവിജയം നേടിയ സഹകാരികളുടെ മക്കളെ സമ്മേളനത്തിൽ അനുമോദിച്ചു. മുതിർന്ന സഹകാരികളെയും ആദരിച്ചു. ബാങ്ക് സി.ഇ.ഓ ഷീലാ നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പ്രൊഫ.ജി.രാജശേഖരൻ നായർ, പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി, ഡയറക്ടർബോർഡ് അംഗങ്ങളായ എം.പി.ഗോപാലകൃഷ്ണൻ, പ്രമോദ് ഇളമൺ, സി.കെ.പൊന്നപ്പൻ, ക്ലാരമ്മ കൊച്ചീപ്പൻ മാപ്പിള, മുൻ മുൻസിപ്പൽ ചെയർമാൻ കെ.വി.വർഗീസ്, മനുഭായ് മോഹൻ, ജി.അജയകുമാർ, ജി.ഗീതാംബികാ, പി.കെ.അജിതാകുമാരി, എം.പി സുജാത, കെ.ജയവർമ്മ, ഉമ്മൻ അലക്‌സാണ്ടർ, പി.എസ്.ലാലൻ, കെ.പ്രകാശ്ബാബു, കെ.വിനയചന്ദ്രൻ, എസ്.ഗോപാലകൃഷ്ണൻ, ആർ.പ്രവീൺ, കെ.ജി.രാജേന്ദ്രൻ നായർ, ആർ.ജയകുമാർ, വർഗീസ് മാമൻ, ബാബു കല്ലുങ്കൽ, റെയ്‌ന ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.