പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ നടത്തുന്ന ഏഴാമത് ശ്രീനാരായണ കൺവെൻഷനും മെറിറ്റ് ഫെസ്റ്റിനും പത്തനംതിട്ട റോയൽ ഒാഡിറ്റോറിയത്തിൽ ഉജ്ജ്വല തുടക്കം. ഇന്നലെ വൈകിട്ട് കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യയുടെ അനുഗ്രഹ പ്രഭാഷണത്തോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. നൂറുകണക്കിന് ശ്രീനാരായണീയർ പങ്കെടുത്തു. എല്ലാവരെയും ആത്മജ്ഞാനത്തിലേക്ക് നയിക്കുന്നതാണ് ശ്രീനാരായണ ഗുരുവിന്റെ ദർശനമെന്ന് സ്വാമി ധർമ്മ ചൈതന്യ പറഞ്ഞു. ഞാനാരാണെന്നും ലോകമെന്താണെന്നും കാട്ടിത്തരുന്ന ലളിതമായ ദർശനമാണ് ഗുരുവിന്റേത്. ഒാരോരുത്തരെയും ആത്മജ്ഞാനത്തിലേക്ക് നയിക്കാൻ ഗുരുദേവൻ വൈദികജഞാനം ഉപയോഗപ്പെടുത്തി. ഗുരുദേവന്റെ ദർശനങ്ങളെ ഉൾക്കൊളളാൻ ശ്രീനാരായണീയരെയും സമൂഹത്തെയും പ്രാപ്തമാക്കുന്ന പാഠശാലകളാകണം ശ്രീനാരായണ കൺവെൻഷനുകളെന്ന് സ്വാമി പറഞ്ഞു.
ആദ്ധ്യാത്മികതയിൽ അടിയുറച്ചുവേണം ശ്രീനാരായണീയർ പ്രവർത്തിക്കേണ്ടതെന്ന് അദ്ധ്യക്ഷത വഹിച്ച എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. സൗമ്യാ അനിരുദ്ധൻ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. ഗുരുമാനവികത എന്ന വിഷയത്തിൽ മുൻ ഗവ. സ്പെഷ്യൽ സെക്രട്ടറി കെ.സുദർശനൻ പ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി ടി.പി.സുന്ദരേശനും യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്തും കൺവെൻഷൻ സന്ദേശം നൽകി. സെക്രട്ടറി ഡി. അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡംഗം സി.എൻ. വിക്രമൻ, കൗൺസിലർമാരായ ജി.സോമനാഥൻ, പി.കെ പ്രസന്നകുമാർ, കെ.എസ്.സുരേശൻ, പി.സലിംകുമാർ, എസ്.സജിനാഥ്, പി.വി രണേഷ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരളാ പുരുഷോത്തമൻ, മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.ആർ. സലീലനാഥ്, യൂത്ത് മൂവ്മെന്റ് യൂണിയൻ കൗൺവീനർ എസ്. ഹരിലാൽ എന്നിവർ സംസാരിച്ചു.

ഷാജി ശാന്തിയുടെ കാർമ്മികത്വത്തിൽ ശാന്തിഹവനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്വാമി ധർമ്മ ചൈതന്യയെ എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, സെക്രട്ടറി ഡി.അനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകി സ്വീകരിച്ചു.