കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് എസ്.എഫ്.ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കായികതാരങ്ങളുടെ സ്വപ്നങ്ങൾ ഊതിക്കെടുത്തുന്ന സമീപനമാണ് പത്തനംതിട്ട നഗരസഭ സ്വീകരിച്ചത്. ഇത്തരം സമീപനങ്ങൾ വിദ്യാർത്ഥി സമൂഹത്തിന് അംഗീകരിക്കാനാവില്ല.ജില്ലാ സ്റ്റേഡിയം പൂർത്തിയാകുമ്പോൾ അന്താരാഷ്ട്ര നിലവാരത്തിൽ പരിശീലനം നടത്താൻ കഴിയുന്ന സ്റ്റേഡിയമായി ഉയർത്തണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ദേശീയ വിദ്യാഭ്യാസ നയം ആപൽക്കരമായ അവസ്ഥയാണ് സൃഷ്ടിക്കുക. ജനാധിപത്യ മൂല്യങ്ങൾ തകർക്കാനുള്ള നീക്കമാണ് ബി.ജെ.പി സർക്കാർ നടത്തുന്നത്. ഈ സാഹചര്യത്തിൽ മുഴുവൻ വിദ്യാർത്ഥികളെയും സംഘടിപ്പിച്ചുള്ള വൻ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും പ്രമേയത്തിൽ പറഞ്ഞു.
പൊതു ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി വിഷ്ണുഗോപനും സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻ ദേവും മറുപടി പറഞ്ഞു.
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ.ആർ സനൽകുമാർ, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.പി. ഐശ്വര്യ, കെ.എം.അരുൺ, ആദർശ് എം. സജി, മുൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സജിത് പി. ആനന്ദ്, ശരത് ശശിധരൻ,ആർ.ധോണി എന്നിവർ സംസാരിച്ചു.
വൈഷ്ണവി ശൈലേഷ് പ്രസിഡന്റ്; ശരത് ശശിധരൻ സെക്രട്ടറി
കോഴഞ്ചേരി:വൈഷ്ണവി ശൈലേഷ് പ്രസിഡന്റും ശരത് ശശിധരൻ സെക്രട്ടറിയുമായ 37 അംഗ ജില്ലാ കമ്മിറ്റിയെ എസ്.എഫ്.ഐ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: കെ.എസ്.അമൽ, ജിബിൻ ജോർജ്, സൂരജ് എസ്. പിള്ള (വൈസ് പ്രസിഡന്റ്), ആർ ധോണി, ജയ്സൺ ജോസഫ്, അമൽ അബ്രഹാം (ജോയിന്റ് സെക്രട്ടറി), അഫ്സൽ ബദർ, ശരത് പി.ആനന്ദ്, ഷെഫീക്ക്, ബിനീഷ് മോഹൻ, രേഷ്മാ മറിയം (എക്സിക്യൂട്ടീവ് അംഗങ്ങൾ).