1
പരിമിതികളിൽ വീർപ്പുമുട്ടി പന്തളം തെക്കേക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം

കൊടുമൺ : പന്തളം തെക്കേക്കര പ്രാഥമീക ആരോഗ്യ കേന്ദ്രത്തിന്റെ കാര്യം കഷ്ടമാണ്. മഴ പെയ്താൻ പണി എപ്പോൾ കിട്ടിയെന്ന് ചോദിച്ചാൽ മതി. കൂടാതെ ഡോക്ടർമാരുടെ കുറവും. രോഗികളെ വലയ്ക്കുകയാണ് ഈ പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങൾ. ചോർന്നൊലിക്കുന്ന കെട്ടിടവും ഡോക്ടറു കുറവുമാണ് പ്രധാന പ്രശ്നം. രോഗികൾ എത്തിയാൽ കാത്തിരിക്കേണ്ട വിശ്രമ സ്ഥലത്തെ ഷീറ്റ് തകർന്നിരിക്കുകയാണ്. ശക്തമായ മഴ പെയ്താൽ വെള്ളം അകത്ത് കടക്കുന്ന സ്ഥിതിയാണ്. രോഗിയും ഡോക്ടറും ഒരേ സമയം കുടപിടിക്കേണ്ടിവരും. മരുന്നുകൾ സൂക്ഷിക്കുന്ന സ്ഥലത്ത് വെള്ളം കെട്ടി നിൽക്കുകയാണ്. മഴപെയ്യുമ്പോൾ സ്ഥിതി വേറെ ലെവലാണ്. മരുന്നുകളുംകൊണ്ട് നെട്ടോട്ടം ഓടുകയാണ് ഇവിടുത്തെ ജീവനക്കാർ. മഴക്കാലമായതോടെ ആശുപത്രിയിൽ രോഗികളുടെ തിരക്കും കൂടിയിട്ടുണ്ട്. സ്ഥിരമായി ഒരു ഡോക്ടർ ഇല്ലാത്തതും ഇവിടെയെത്തുന്ന രോഗികളെ വലയ്ക്കുന്നു. രാവിലെ 10.30 മുതൽ ഉച്ചവരെ മാത്രമാണ് ഡോക്ടറുടെ സേവനം. നാലുമണി ആകുമ്പോഴേക്കും പ്രാഥമികാരോഗ്യകേന്ദ്രം പൂട്ടി ജീവനക്കാർ സ്ഥലംവിടുന്നതായും ആക്ഷേപമുണ്ട്. മഴക്കാലമെത്തുന്നതിന് മാസങ്ങൾക്ക് മുമ്പ് മുതൽ ഷീറ്റ് പൊട്ടിക്കിടക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. എന്നിട്ടും അധികൃതർ നടപടിയെടുത്തിട്ടില്ല.

ആശുപത്രിയിൽ എത്തുന്ന രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആശുപത്രിയുടെ ഷീറ്റ് മാറാനായി ഒന്നരലക്ഷം രൂപയുടെ പദ്ധതിക്ക് പഞ്ചായത്ത് അംഗീകാരം നൽകി. ഇതിനൊപ്പം വാഹനത്തിനുള്ള ഷെഡും പണിയും.

ജയന്തികുമാരി

(പഞ്ചായത്ത് പ്രസിഡന്റ് )

-മഴക്കാലമായതിനാൽ രോഗികളുടെ തിരക്ക് കൂടി

-ഡോക്ടറുടെ മുറിയും ചോരുന്നത്

- ശക്തമായ മഴയിൽ ആശുപത്രിക്കുള്ളിലേക്ക് വെള്ളം കെട്ടിനിൽക്കുന്നു

-സ്ഥിരമായി ഡോക്ടർമാരില്ല

-ജീവനക്കാർ നേരത്തെ സ്ഥലം വിടുന്നു

അശുപത്രിയുടെ പ്രവർത്തന സമയം 10.30 മുതൽ ഉച്ചവരെ