കോന്നി : സ്കൂൾ വിദ്യാർത്ഥികളെ പോലും ഇരകളാക്കി ലഹരി മാഫിയ വിലസുമ്പോൾ പ്രതിരോധമാകേണ്ട എക്സൈസ് വകുപ്പ് അംഗബലം ഇല്ലാതെ വലയുന്നു. പി.എസ്.സിയുടെ റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും സിവിൽ എക്സൈസ് ഓഫീസർമാരുടെ നിയമനത്തിൽ തുടരുന്ന അനാസ്ഥയാണ് ജില്ലയിലെ പ്രതിസന്ധിക്ക് കാരണം.

200 ഓളം ഉദ്യോഗാർത്ഥികൾ നിയമനം കാത്ത് കഴിയുന്നണ്ടെങ്കിലും പത്തിൽ താഴെ നിയമനങ്ങൾ മാത്രമാണ് നടത്തിയിട്ടുള്ളത്.

റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമായി വെട്ടിച്ചുരുക്കിയതോടെ അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ. അരനൂറ്റാണ്ട് പഴക്കമുള്ള സ്റ്റാഫ് പാറ്റേണുമായി കിതയ്ക്കുന്ന എക്സൈസ് വകുപ്പിൽ പുതിയ നിയമനങ്ങൾ അനിവാര്യമാണ്. മറ്റ് സേനകളിൽ നിയമനങ്ങൾ യഥാസമയം നടക്കുന്നുണ്ട്.

എക്സൈസ് വകുപ്പിലെ ആൾക്ഷാമം പരിഹരിക്കാൻ നടപടി വേണമെന്ന വകുപ്പുതല ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജില്ലയിൽ 112 സിവിൽ എക്സൈസ് ഓഫീസർമാർ മാത്രമാണ് നിലവിലുള്ളത്. ഇതിന്റെ ഇരട്ടിയുടെ ഇരട്ടി വേണമെന്നാണ് ശിപാർശയുള്ളത്.

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ജില്ലയിൽ ലഹരി മാഫിയകളുടെ പ്രവർത്തനം ശക്തിയാർജ്ജിച്ചിരിക്കുകയാണ്. നിരവധി കേസുകൾ ദിവസേന റിപ്പോർട്ട് ചെയ്യാറുണ്ടെങ്കിലും യഥാസമയം അന്വേഷണം പൂർത്തീകരിക്കുന്നതിനോ പ്രതികളെ കണ്ടെത്തുന്നതിനോ കഴിയാറില്ല. നിലവിലുള്ളവർ ആഹാരവും ഉറക്കവും വെടിഞ്ഞ് കഷ്ടപ്പെടുന്നതുകൊണ്ടാണ് മാഫിയകളെ ഒരു പരിധിവരെ നിലയ്ക്ക് നിറുത്താൻ സാധിക്കുന്നത്.

മൂന്ന് മാസത്തിനുള്ളിൽ നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്.

റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷം

റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് ഒരു വർഷമായി ചുരുക്കിയതിനാൽ പട്ടികയിലെ നാലിലൊന്ന് ശതമാനം ആളുകൾക്കുപോലും നിയമനം ലഭിക്കാൻ സാദ്ധ്യതയില്ല.


എക്സൈസിന്റെ പ്രവർത്തനം

പൊതുസ്ഥലങ്ങളിൽ ലഹരി ഉപയോഗവും വിപണനവും തടയുന്നതിന് പുറമെ നിരവധി ചുമതലകൾ എക്സൈസിനുണ്ട്. ലഹരി വിരുദ്ധ ബോധവത്കരണം, രഹസ്യ വിവരങ്ങളെ തുടർന്നുള്ള വാഹന പരിശോധനകൾ, ബിവറേജസ് ഔട്ട് ലെറ്റുകളിലെ പരിശോധന, കള്ളുഷാപ്പുകളിലും ബാറുകളിലും ബിയർ ആൻഡ് വൈൻ പാലർലറുകളിലും പരിശോധന, സ്ക്വാഡ് പരിശോധന, പട്രോളിംഗ് തുടങ്ങി നിരവധി ജോലികളുണ്ട്. ഇതിനുപുറമെ കോടതി ഡ്യൂട്ടികളും വകുപ്പുതല ക്ളാസുകളും പരിശീലനങ്ങളും.

ജില്ലയിൽ നിയമനം വൈകുന്നു

സിവിൽ എക്സൈസ് ഓഫീസർ

റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്: 2019 ഏപ്രിൽ 8ന്

കാലാവധി തീരുന്നത്: 2020 ഏപ്രിൽ 7ന്

ജില്ലയിലെ സിവിൽ എക്സൈസ് ഓഫീസർമാരുടെ എണ്ണം: 112

മെയിൻ ലിസ്റ്റിൽ: 159

നിയമന ഉത്തരവ് കിട്ടിയത് : 24

അടിയന്തരമായി നിയമനം നടത്തണം. റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നുവർഷമായി തന്നെ നിലനിറുത്തണം.

മോനിഷ് മുരളി,

റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹി