ro
നഗരസഭ കല്ലറക്കടവിൽ പണിത ശുദ്ധജൻ നിർമാണ യൂണിറ്റ്

പത്തനംതിട്ട: കല്ലറക്കടവ് പാമ്പൂരിപ്പാറയിൽ നഗരസഭയുടെ ശുദ്ധജല നിർമ്മാണ പ്ളാന്റായ തെളിമ പൂട്ടിയിട്ട് നാല് മാസമാകുന്നു. ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കുളളിൽ പൂട്ടിയ പ്ളാന്റ് തുറന്നു പ്രവർത്തിപ്പിക്കാൻ നഗരസഭ ഒരു നടപടിയും എടുത്തില്ല. സംഭരണികളിൽ നിറച്ച ജലം കുറഞ്ഞ നിരക്കിൽ നഗരവാസികൾക്ക് വിതരണം ചെയ്യാനാണ് പദ്ധതി ആരംഭിച്ചത്. 20ലിറ്റർ വെളളം ജാറുകളിൽ നിറച്ച് നഗരത്തിൽ വിതരണം ചെയ്യണം. വെളളം നിറച്ച ജാറുകൾ പൊക്കി വാഹനത്തിൽ കയറ്റാനുളള ബുദ്ധിമുട്ട് കാരണം കുടുംബശ്രീ വനിതകൾ പദ്ധതിയിൽ നിന്ന് പിൻമാറി. കൂടാതെ തുച്ഛമായ വേതനവും. ത്രീഫെയ്സ് വൈദ്യുതി കണക്ഷൻ ഇല്ലാത്തതു കാരണമാണ് പ്ളാന്റ് പ്രവർത്തിപ്പിക്കാൻ കഴിയാത്തതെന്ന് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പറഞ്ഞു. എന്നാൽ, ഇൗ വാദം തെറ്റാണെന്നും പ്ളാന്റിൽ നിലവിലുളളത് ത്രീഫെയ്സ് കണക്ഷനാണെന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.

ത്രീഫെയ്സ് കണക്ഷന് 53540 രൂപ കഴിഞ്ഞ വർഷം ജൂലൈയിൽ നഗരസഭ കെ.എസ്.ഇ.ബി യിൽ അടച്ചതാണ്. പുതിയ രണ്ട് വൈദ്യുതി പോസ്റ്റുകൾ ശുദ്ധജല നിർമ്മാണ യൂണിറ്റിനായി സ്ഥാപിച്ചിരുന്നു. വൈദ്യുതി ബില്ല് അടയ്ക്കുന്നുമുണ്ട്. പ്ളാന്റ് പ്രവർത്തിക്കാത്തതിന് ഉത്തരവാദികൾ തങ്ങളല്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി.

15ലക്ഷം പാഴാക്കി

പ്ളാന്റ് നിർമ്മാണത്തിനും യന്ത്രങ്ങൾ വാങ്ങുന്നതിനും നഗരസഭ 15 ലക്ഷം രൂപയാണ് ചെലവാക്കിയത്. വെള്ളം നിറക്കാനുള്ള പ്ളാസ്റ്റിക് സംഭരണി, മറ്റ് സാമഗ്രികൾ എന്നിവ വനിതാ വികസന കോർപ്പറേഷന്റെ സഹകരണത്തോടെ കുടുംബശ്രീ അംഗങ്ങൾ 1,20000 രൂപാ ബാങ്ക് വായ്പ എടുത്ത് വാങ്ങിയതാണ്. കൂടുംബശ്രീയിലെ നാല് വനിതകൾക്കായിരുന്നു പ്ളാന്റിന്റെ ചുമതല. മാർച്ച് അഞ്ചിനായിരുന്നു നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം.

പദ്ധതി

20 ലിറ്റർ ശുദ്ധജലം 35 രൂപയ്ക്ക് നൽകുന്നതായിരുന്നു പദ്ധതി. ഒരു ദിവസം 5000 ലിറ്റർ വെള്ളം പ്ലാന്റിൽ ഉൽപ്പാദിപ്പിക്കാം. എട്ട് ഘട്ടങ്ങളിലായി ജലം ശുദ്ധികരിക്കാം. 35 രൂപയുടെ കുടിവെളളം വിറ്റാൽ നഗരസഭക്ക് ഒരു രൂപ ലഭിക്കും. വനിതാവികസന കോർപ്പറേഷന് 10രൂപയും. ബാക്കി തുക കുടുംബശ്രീക്ക് ലഭിക്കും. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും മറ്റും വാഹനത്തിൽ എത്തിച്ച് വെളളം വിതരണം ചെയ്യാനാണ് പദ്ധതിയിട്ടത്. സ്വകാര്യകമ്പനികൾ ഒരു ജാർ വെളളത്തിന് 50-55 രൂപ വരെ വാങ്ങുന്നുണ്ട്.

''ത്രീഫെയസ് കണക്ഷൻ സമയത്ത് ലഭിക്കാഞ്ഞതിനാലാണ് പ്ളാന്റിന്റെ പ്രവർത്തനം നിർത്തിവക്കേണ്ടി വന്നത്.

മോനി വർഗീസ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ.

കുടുംബശ്രീ പറയുന്നത് അടിസ്ഥാനരഹിതം. പ്ളാന്റിലുളളത് ത്രീഫെയ്സ് വൈദ്യുതി കണക്ഷൻ. വേണമെങ്കിൽ കുടുംബശ്രീ അധികൃതരുടെ സാന്നിദ്ധ്യത്തിൽ പരിശോധന നടത്താം.

കെ.എസ്. ഇ. ബി അധികൃതർ, പത്തനംതിട്ട.