പന്തളം : കുരമ്പാല വള്ളിക്കാവിനാൽ കുളം ആഫ്രിക്കൻ പായലും കണ്ണട്ടയും കൈയേറി കഴിഞ്ഞു. ഒരുകാലത്ത് നാട്ടുകാർക്ക് എല്ലാമായിരുന്ന ഈ കുളം സംരക്ഷിക്കാൻ ആരുമില്ലേ എന്ന ചോദ്യമാണ് പ്രദേശവാസികൾക്ക് ചോദിക്കാനുള്ളത്. കുരമ്പാല ഇടയാടി ഗവ.എൽ.പി.സ്കൂളിന് സമീപത്ത് പന്തളം നഗരസഭയുടെ 19-ാം വാർഡിലുള്ള അൻപത് സെന്റിലുള്ള ഇറിഗേഷൻവകുപ്പിന്റെ അധീനതയിലാണ് കുളം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കുളത്തിന്റെ ഉപയോഗം ഇന്നും പ്രദേശവാസികൾ ഓർക്കുന്നു.
വള്ളിക്കാവിനാൽ വയലിന്റെ ഉത്ഭവസ്ഥാനത്താണ് കുളം. എഴുപത് വർഷത്തിന് മുമ്പ് നാട്ടുകാർ പണംപിരിച്ച് വെട്ടുകല്ലും പാറയും ഇറക്കി ശ്രമദാനമായി കെട്ടി സംരക്ഷിച്ചു. തെക്കും വടക്കും തെക്കുകിഴക്ക് ഭാഗത്തും ആളുകൾക്ക് ഇറങ്ങുന്നതിനും കയറുന്നതിനും പടവുകളും പണിതിരുന്നു. കുളിക്കാനും വസ്ത്രം അലക്കാനും വള്ളിക്കാവിനാൽ, കാട്ടുകണ്ടം, ചിറമുടി ഏലകളിലെ കൃഷിക്കുമെല്ലാം ഇതിലെ ജലമായിരുന്നു നാട്ടുകാർ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ആഫ്രിക്കൻപായൽ മൂടികിടക്കുകയാണ് ജലാശയം.
20 വർഷം മുമ്പ് മത്സ്യകൃഷിക്ക് പഞ്ചായത്ത് നൽകി
കിഴക്കും വടക്കും കരകളിലെ സ്വകാര്യവ്യക്തികളുടെ വസ്തുവിലെ വൃക്ഷങ്ങളുടെ ശിഖരങ്ങൾ ഇതിലേക്ക് ചാഞ്ഞ്നിൽക്കുന്നതിനാൽ അതിന്റെ ഇലകളും ഇതിൽ വീണ് അഴുകിയിട്ടുണ്ട്. കണ്ണട്ട ശല്യവുമുണ്ട്. 20 വർഷം മുമ്പ് മത്സ്യകൃഷിക്ക് പഞ്ചായത്ത് നൽകി. കർഷകൻ ഒരു തവണയേ കൃഷി നടത്തിയുള്ളു. വേണ്ടത്ര പ്രയോജനം ലഭിക്കാതിരുന്നതിനാൽ അവസാനിപ്പിച്ചു. കൽക്കെട്ടുകളും പടവുകളും തകർന്നു ജലം മലീമസമായതോടെ ആരും ഇപ്പോൾ ഇതിൽ ഇറങ്ങുന്നില്ല. 45വർഷത്തിന് മുമ്പ് ഈ കുളത്തിനോട് ചേർന്ന് മറ്റൊരു കുളം കുഴിച്ചു. കന്നുകാലികളെ കുളിപ്പിക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു ഇത്. എന്നാൽ അതും ഇപ്പോൾ കാട്മൂടി ഉപയോഗശൂന്യമായി.
വള്ളിക്കാവിനാൽ കുളത്തിലെ ജലം പ്രദേശവാസികൾക്കും സമീപസ്ഥലങ്ങളിലെ കാർഷിക ആവശ്യങ്ങൾക്കും ഉപയോഗപ്രദമായിരുന്നു. ഇപ്പോൾ തൂമ്പും മറ്റും അടഞ്ഞ് കൈതോട്ടിലേക്ക് ഒഴുക്കും നിലച്ച സ്ഥിതിയാണ്. കുളം സംരക്ഷിക്കാൻ അധികൃതർ വേണ്ട നടപടി സ്വീകരിക്കണം.
എം.ആർ.നാരായണൻ നായർ (ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ)
വള്ളിക്കാവിനാൽ കുളത്തിന്റെ വശങ്ങൾകെട്ടി ചെളിയും മാലിന്യങ്ങളും നീക്കി ജനങ്ങൾക്ക് പ്രയോജനപ്രദമായ രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും.
(എ.രാമൻ, പന്തളം നഗരസഭാ കൗൺസിലർ)
-കുളത്തിന് നൂറ്റാണ്ടുകളുടെ പഴക്കം
-ഇലകൾ വീണ് അഴുകുന്നു
-കണ്ണട്ട ശല്യം രൂക്ഷം
-കൽക്കെട്ടുകളും പടവുകളും തകർന്നു