nilamnikathal
നിലം നികത്തിൽ

തിരുവല്ല : ബൈപ്പാസ് നിർമ്മാണം പൂർത്തിയാകുന്നതിന് പിന്നാലെ നിലം നികത്തൽ മാഫിയ ശക്തി പ്രാപിക്കുന്നു. ബൈപ്പാസിന്റെ തുടക്ക ഭാഗമായ മഴുവങ്ങാട് ഭാഗത്താണ് നികത്തൽ ശക്തമായിരിക്കുന്നത്. വിവാദങ്ങളെ തുടർന്ന് ഏറെ നാളായി നിർത്തിവെച്ചിരുന്ന നികത്തലാണ് വീണ്ടും ശക്തമായിരിക്കുന്നത്. ബൈപ്പാസിന്റെ കിഴക്കു ഭാഗത്തെ പുഞ്ചയിൽ പല ഭാഗങ്ങളിലും നികത്തൽ ആരംഭിച്ചിട്ടുണ്ട്. മൂന്നും നാലും ലോഡ് മണ്ണ് പലപ്പോഴായി പല ഭാഗങ്ങളിൽ ഇറക്കുന്നതാണ് ഇപ്പോൾ ചെയ്യുന്നത്. ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി പണിത താൽക്കാലിക റോഡിൽ നിന്നും എം.സി റോഡുമായി ബന്ധിപ്പിക്കുന്ന റോഡും സ്വകാര്യ വ്യക്തി നിർമ്മിച്ച് ബോർഡും സ്ഥാപിച്ചു കഴിഞ്ഞു.

പുഞ്ചകളും ചതുപ്പ് നിലങ്ങളും ഭൂമാഫിയ നേരത്തെ വാങ്ങി

നിർമ്മാണം സംബന്ധിച്ച ആലോചനകൾ ശക്തമായ സമയത്ത് തന്നെ ബൈപ്പാസ് കടന്നു പോകുന്ന ഭാഗത്തെ പുഞ്ചകളും ചതുപ്പ് നിലങ്ങളും ഭൂമാഫിയ വാങ്ങിക്കൂട്ടിയിരുന്നു. നിർമ്മാണം ആരംഭിച്ചതോടെ ചില ഭാഗങ്ങൾ വൻതോതിൽ അനധികൃതമായി നികത്തിയത് മുമ്പ് വിവാദങ്ങൾക്ക് ഇടയാക്കി. ബൈപ്പാസിനോട് ചേർന്നൊഴുകുന്ന മുല്ലേലി തോട്ടിൽ നിന്നും കോട്ടത്തോട്ടിലേക്ക് പോകുന്ന ചാലിന് കുറുകെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് മാസങ്ങൾക്ക് മുമ്പ് പാലം നിർമ്മിച്ചിരുന്നു. ഇതിന് അനുമതി നൽകിയതാരെണെന്ന കാര്യത്തിൽ മൈനർ ഇറിഗേഷൻ വകുപ്പിനോ നഗരസഭയ്‌ക്കോ അറിവില്ല. ഇപ്പോൾ ഈ പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്.

തിരുവല്ല ബൈപ്പാസിനോട് ചേർന്ന് മറ്റ് റോഡുകൾ ഒന്നും നിർമ്മിച്ചിട്ടില്ല

ചെറിയാൻ പോളച്ചിറയ്ക്കൽ

(നഗരസഭാ ചെയർമാൻ)

അനധികൃതമായി ബൈപ്പാസിനോട് ചേർന്ന് നടക്കുന്ന നിലം നികത്തലും നിർമ്മാണവും സംബന്ധിച്ച് ചില പരാതികൾ ലഭിച്ചിട്ടിട്ടുണ്ട്. അടുത്തദിവസം തന്നെ സ്ഥലം സന്ദർശിക്കും

ജലജ

(തിരുവല്ല വില്ലേജ് ഓഫീസർ)