പത്തനംതിട്ട: വർഗീയതയുടെ കടന്നുകയറ്റത്തിൽ പുറകിൽപോയ കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ചരൽക്കുന്നിൽ ഡി.സി.സി ക്യാമ്പ് എക്‌സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗവർണർമാരെയും ഭരണഘടനാ സ്ഥാപനങ്ങളേയും അമ്മാനമാടുന്ന കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാരിനും ധാർഷ്ഠ്യവും ധിക്കാരവും കൊണ്ടുനടക്കുന്ന കേരളത്തിലെ സ്റ്റാലിനിസ്റ്റ് ഭരണത്തിനും ശക്തമായ മറുപടിയാണ് കേരളം പാർലമെന്റ് തിരഞ്ഞെടുപ്പിൽ നൽകിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉജ്ജ്വല വിജയം ലഭിക്കാൻ ഇടയാക്കിയ മുഖ്യമന്ത്രിയുടെ നടപടികളോട് നന്ദിയുണ്ട്. മനുഷ്യ നിർമ്മിത പ്രളയം സ്യഷ്ടിച്ച് ഉറങ്ങിക്കിടക്കുന്നവരെ കൊന്ന മുഖ്യമന്ത്രി ലണ്ടൻ എക്സ്ചേഞ്ചിൽ മസാല ബോണ്ട് വിൽക്കാൻ നടക്കുന്നത് കമ്മ്യൂണിസത്തിന് അപമാനമാണ്.ബംഗാളിൽ സംഭവിച്ചപോലെ സി.പി.എമ്മിന്റെ അന്ത്യകർമ്മങ്ങൾ പിണറായി വിജയൻ തന്നെ താമസിയാതെ നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ മുഖ്യപ്രഭാഷണം നടത്തി. വി.പി സജീന്ദ്രൻ എം.എൽ.എ, മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ. ശിവദാസൻ നായർ, പി.മോഹൻരാജ്, കെ.പി.സി.സി ട്രഷറർ ജോൺസൺ എബ്രഹാം, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, യു.ഡി.എഫ് കൺവീനർ പന്തളം സുധാകരൻ, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, കാട്ടൂർ അബ്ദുൾ സലാം, സതീഷ് കൊച്ചുപറമ്പിൽ, എ.സുരേഷ് കുമാർ, റിങ്കു ചെറിയാൻ, സുനിൽ പുല്ലാട്, വെട്ടൂർ ജ്യോതിപ്രസാദ്, കെ.കെ റോയിസൺ, തോപ്പിൽ ഗോപകുമാർ, റജി തോമസ് എന്നിവർ പ്രസംഗിച്ചു.