ഇലന്തൂർ: തകർന്നുതരിപ്പണമായി കിടക്കുകയാണ് പുല്ലാമാല - ബഥേൽ ജംഗ്ഷൻ റോഡ് . ഇലന്തൂർ, ചെന്നീർക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. നടന്നുപോകാൻ പോലും ബുദ്ധിമുട്ടാണ്. വർഷങ്ങളായി ടാറും മെറ്റലും ഇളകി കിടക്കുന്ന കയറ്റിറക്കമുളള റോഡിൽ ഒരുകിലോമീറ്റർ ഭാഗത്ത് വാഹനയാത്ര ദുസഹമാണ്. ഇലന്തൂർ പഞ്ചായത്ത് ഭാഗത്തെ റോഡ് മുഴുവൻ കുണ്ടും കുഴിയും നിറഞ്ഞുകിടക്കുന്നു. കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ മറിയുന്നു. റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ സ്കൂൾ കുട്ടികളുടെ ദേഹത്തേക്ക് മെറ്റലുകൾ തെറിക്കാറുണ്ട്. മുട്ടത്തുകോണം എസ്.എൻ.ഡി.പി സ്കൂളിലേക്കുള്ള വാഹനങ്ങൾ ഈ റോഡിലൂടെയാണ് പോകുന്നത്. മഴ പെയ്യുമ്പോൾ കുഴികളിൽ വെളളം നിറഞ്ഞുകിടക്കും. ഇതറിയാതെ . വേഗതയിൽ വരുന്ന വാഹനങ്ങൾ കുഴികളിൽ വീഴുന്നത് പതിവാണ്.
നൂറുകണക്കിന് ആളുകൾ ദിവസേന യാത്ര ചെയ്യുന്ന റോഡിന്റെ ദുരവസ്ഥ ജനപ്രതിനിധികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. തങ്കഅങ്കി ഘോഷയാത്ര കടന്നുപോകുന്നത് ഇതുവഴിയാണ്. പക്ഷേ, ഘോഷയാത്ര കാലത്തുപോലും പുനർനിർമ്മിച്ചില്ല.
നാട്ടുകാർ വീണാജോർജ് എം.എൽ.എയ്ക്കും തദ്ദേശ സ്ഥാപനങ്ങളിലും പരാതി നൽകിയിരുന്നു. റോഡ് പുനരുദ്ധരിക്കുമെന്ന് ജനപ്രതിനിധികൾ വാക്കുനൽകിയെങ്കിലും നടപടി ഉണ്ടായില്ല. അറ്റകുറ്റപ്പണിക്കായി എം.എൽ.എ ഫണ്ടിൽ നിന്ന് എട്ട് ലക്ഷവും തദ്ദേശ സ്ഥാപനങ്ങൾ പതിനഞ്ച് ലക്ഷവും അനുവദിച്ചെന്ന് പ്രചരിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. അടിയന്തരമായി റോഡ് പുനർ നിർമ്മിക്കണമെന്ന് ബഥേൽ ഭാഗം റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
തകർന്നത് 1 കിലോമീറ്റർ
-------------------
'' റോഡിലെ യാത്ര ദുരിതമാണ്. അടിയന്തരമായി പുനർനിർമ്മിച്ചില്ലെങ്കിൽ സമരരംഗത്തിറങ്ങും.
ഷിബു ജോസഫ്, നാട്ടുകാരൻ.
'' വെളളപ്പൊക്ക ദുരിതാശ്വാസത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും പദ്ധതികളിൽ റോഡ് ഉൾപ്പെടുത്തി ഭരണാനുമതിക്കായി നൽകിയിട്ടുണ്ട്. ഉടൻ അനുമതി ലഭ്യമാക്കും.
വീണാജോർജ് എം.എൽ.എ