പത്തനംതിട്ട: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റും ദേവസ്വംബോർഡ് മുൻ പ്രസിഡന്റുമായ അഡ്വ. ടി.എൻ. ഉപേന്ദ്രനാഥക്കുറുപ്പ് (94) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് തോട്ടാവള്ളിൽ തറവാട്ടിൽ.
അയിരൂർ പുല്ലുവിഴ പരേതരായ കൃഷ്ണപണിക്കരുടെയും തോട്ടാവള്ളിൽ കൊച്ചുകുട്ടിയമ്മയുടെയും മകനാണ്. 60 വർഷത്തോളമായി അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റാണ്. അയിരൂർ പഞ്ചായത്ത് പ്രഥമ പ്രസിഡന്റ്, എൻ.എസ്.എസ് അയിരൂർ പ്രാദേശിക യൂണിയൻ പ്രഥമ പ്രസിഡന്റ്, ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ്, തിരുവല്ല ഈസ്റ്റ് കോ ഒാപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ്, രണ്ടു തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, എൻ.എസ്.എസ് ട്രഷറർ, ഡയറക്ടർ ബോർഡംഗം, എൻ.ഡി.പി ചെയർമാൻ, കുറിച്ചി ആതുരാശ്രമം ഡയറക്ടർ ബോർഡംഗം, തടിയൂർ കാവുംമുക്ക് പാലോലിക്കാവ് ദേവീക്ഷേത്രം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1984ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ ഐക്യമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഭാര്യ: റിട്ട. അഡിഷണൽ ചീഫ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് പരേതയായ എം. ഭാനുമതിഅമ്മ. മകൾ: ജയശ്രീ. മരുമകൻ: ഡോ. സുരേഷ്ബാബു (റിട്ട. സൂപ്രണ്ട്, ജനറൽ ആശുപത്രി, പത്തനംതിട്ട). സഹോദരങ്ങൾ: പരേതയായ ഭാനുമതിഅമ്മ, ഹരീന്ദ്രനാഥക്കുറുപ്പ്.
ദേവസ്വം ഒാഫീസുകൾക്ക് ഇന്ന് അവധി
ടി.എൻ. ഉപേന്ദ്രനാഥക്കുറുപ്പിനോടുളള ആദരസൂചകമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ ഓഫീസുകൾക്കും ഇന്ന് അവധി നൽകി. സംസ്കാര ചടങ്ങുകൾ നടക്കുന്ന നാളെ ദേവസ്വം ബോർഡിന്റെ പൊതുപരിപാടികൾ മാറ്റി വച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അനുശോചിച്ചു.