upendran

പത്തനംതിട്ട: ഒട്ടേറെ ആക്ഷേപങ്ങൾ കേട്ടിരുന്ന ദേവസ്വം ബോർഡിൽ ശുദ്ധീകരണത്തിന് തുടക്കമിട്ട പ്രസിഡന്റാണ് ടി.എൻ. ഉപേന്ദ്രനാഥക്കുറുപ്പ്. ദേവസ്വം ബോർഡ് പ്രവർത്തനങ്ങൾക്ക് അടുക്കും ചിട്ടയമുണ്ടാക്കിയത്‌ 1977 മുതൽ 1984 വരെ അദ്ദേഹം പ്രസിഡന്റായിരുന്ന കാലത്താണ്. രണ്ടും മൂന്നും മാസം കൂടുമ്പോൾ ജീവനക്കാർക്ക് ശമ്പളം കൊടുത്തുകൊണ്ടിരുന്ന ബോർഡിൽ ശമ്പള സ്കെയിൽ നടപ്പാക്കിയതും ഇക്കാലത്താണ്.

ശബരിമല മേൽശാന്തി നിയമനം നറുക്കെടുപ്പിലൂ‌ടെയാക്കിയതും അദ്ദേഹത്തിന്റെ കാലത്താണ്. മേൽശാന്തി നിയമനത്തിൽ അഴിമതി ആരോപണം ഉയർന്ന സമയത്താണ് അദ്ദേഹം പ്രസിഡന്റായത്.

കേരളത്തിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മതപാഠശാലകൾ സ്ഥാപിക്കുന്നതിൽ ഉപേന്ദ്രനാഥക്കുറുപ്പ് വലിയ പരിശ്രമം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തോടൊപ്പം ദീർഘവർഷങ്ങൾ പ്രവർത്തിച്ചിട്ടുളള ഇപ്പോഴത്തെ ദേവസ്വം മതപാഠശാല കോ ഓർഡിനേറ്റർ വി.കെ. രാജഗോപാൽ ഒാർക്കുന്നു.

മദ്ധ്യ തിരുവിതാംകൂറിലെ സാംസ്കാരിക, സാമൂഹിക മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിയാണ്‌ അദ്ദേഹം. അദ്ധ്യാപകനായും അഭിഭാഷകനായും സമുദായ നേതാവായും വിളങ്ങി. ചെറുകോൽപ്പുഴയിൽ ഹിന്ദു മഹാമണ്ഡലത്തിന് സ്വന്തമായി ആസ്ഥാനമന്ദിരവും വിദ്യാധിരാജ സ്മൃതിമണ്ഡപവും നിർമ്മിച്ചു.

2017 ൽ ഹിന്ദുമത മഹാമണ്ഡലം വിദ്യാധിരാജ ദർശന പുരസ്‌കാരം നൽകി ആദരിച്ചു. സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യമായി നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അയിരൂർ പഞ്ചായത്തിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കും എതിരാളികൾ ഉണ്ടായിരുന്നില്ല. തിരുവല്ല കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്നു. തടിയൂർ എൻ.എസ്.എസ് ഹൈസ്‌കൂൾ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.