തിരുവല്ല: കുറ്റൂർ പഞ്ചായത്തിലെ വെൺപാല പനച്ചിമൂട്ടിൽ കടവ് പാലത്തിന്റെ പണി ആരംഭിച്ച് പത്ത് വർഷം പിന്നിട്ടിട്ടും ഇതുവരെ പലത്തിന്റെ അപ്രോച്ച് റോഡിന്റെ പണി പൂർത്തികരിച്ചിട്ടില്ല. സ്കൂൾ കുട്ടികൾ അടക്കം നൂറുകണക്കിനാളുകൾ ദിനംപ്രതി ആശ്രയിക്കുന്ന ഈ വഴി ഇപ്പോൾ കാൽനടയാത്ര പോലും ദുഷ്കരമാണ്. അപ്രോച്ച് റോഡിന്റെ ഇരുവശത്തുമുള്ള വീട്ടുകാർക്ക് റാമ്പ് നിർമിച്ച് നൽകും എന്നുള്ള വാഗ്ദാനവും പാലിക്കപ്പെട്ടില്ല. റാമ്പ് നിർമിക്കാൻ കുഴി എടുത്തിട്ട് ഏറെ നാളുകളായി, ഇതിൽ വെള്ളം കെട്ടി കിടക്കുന്നതുമൂലം വീട്ടുകാർക്ക് പുറത്തേക്ക് ഇറങ്ങുവാനും കയറുവാനും ബുദ്ധിമുട്ടാണ്. വെള്ളക്കെട്ടുമൂലം അപകടം ഭയന്ന് കൊച്ചുകുട്ടികളെ വീടിന് പുറത്തിറക്കാൻ ഭയപ്പെടുകയാണിവർ. അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളിലുള്ള സംരക്ഷണ ഭിത്തിയുടെ നിർമാണം പാതിയിൽ നിറുത്താനുള്ള നീക്കം സമീപവാസികളെ വെള്ളക്കുഴിയിലാക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. ഈ ദയനീയ അവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് ശാശ്വതപരിഹാരം കാണാൻ പൊതുമരമത്ത് വകുപ്പ് അധികാരികളും ജനപ്രതിനിധികളും തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതിഷേധ കൂട്ടായ്മയും ഉപരോധവും സംഘടിപ്പിച്ചു
തിരുവല്ല: പനച്ചമൂട്ടിൽ കടവ് പാലം ഗതാഗത യോഗ്യമാക്കുന്നതിൽ കാട്ടുന്ന അനാസ്ഥയ്ക്കെതിരെ ജനകീയ പ്രതിഷേധ കൂട്ടായ്മയും ഉപരോധവും സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ മുൻ പഞ്ചായത്ത് പ്രസിഡൻറ് ജോ ഇലഞ്ഞിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. വിശാഖ് വെൺപാല, ലാലൻ പാലമൂട്ടിൽ, സാബു കണ്ണാട്ടിപുഴ, സുരേഷ് ജി. പുത്തൻപുരയ്ക്കൽ, ബാലകൃഷ്ണൻ പനയിൽ, അഭിലാഷ് വെട്ടിക്കാട്ടിൽ, മനോജ് മഠത്തിമൂട്ടിൽ, രാജു കേശവൻ , ബിനോയ്, മുകഷ്, രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.