തിരുവല്ല: ചാത്തങ്കരിയിൽ ശിശുസൗഹൃദ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രം തുറന്നു. 16 വയസ്സു വരെയുളള കുട്ടികൾക്ക് മഞ്ഞപ്പിത്തം, ക്ഷയരോഗം, പോളിയോ, വില്ലൻചുമ, കുതിരശ്ശനി, അഞ്ചാംപനി, റൂബല്ലാ, നിശാന്തത എന്നീ രോഗങ്ങൾക്ക് സൗജന്യമായി പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രത്തിലൂടെ ലഭിക്കും. കുട്ടികൾക്കും ഗർഭിണികൾക്കും ആവശ്യമായ പ്രതിരോധ കുത്തിവെയ്പ്പുകൾ, മരുന്നുകൾ, കൗൺസലിംഗ്, പരിശോധന നിർദ്ദേശങ്ങൾ എന്നിവയും സെന്ററിലൂടെ ലഭ്യമാണ്. ജില്ലയിലെ മികച്ച നിലവാരത്തിലേക്ക് ഉയർത്തിയ ശിശുസൗഹൃദ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രമാണ് ചാത്തങ്കരിയിൽ ആരംഭിച്ചത്.
പൂർണമായും അണുവിമുക്തമായ രീതിയിലാണ് കുത്തിവയ്പ്പ് കേന്ദ്രം. കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഘട്ടങ്ങൾ, വൈകല്യങ്ങൾ എന്നിവ നേരത്തെ കണ്ടുപിടിക്കുന്നതിന് ദേശീയ ആരോഗ്യകേന്ദ്ര ദൗത്യത്തിന്റെ കീഴിൽ പരിശീലനം ലഭിച്ച ആർ.ബി.എസ്.കെ. നഴ്‌സിന്റെ സേവനം കേന്ദ്രത്തിൽ ലഭ്യമാണ്. പ്രതിരോധ കുത്തിവയ്പ്പ് കുട്ടികളുടെ അവകാശമാണ് എന്നത് ഉൾക്കൊണ്ടാണ് ശിശുസൗഹ്യദ കേന്ദ്രത്തിന്റെ പ്രവർത്തനം. ദേശീയാരോഗ്യ ദൗത്യത്തിന്റെയും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും ധനസഹായത്തോടെ നവീകരിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചാത്തങ്കേരി നിർവ്വഹിച്ചു. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിൽ മേരി ചെറിയാൻ, അംഗങ്ങളായ സൂസമ്മ പൗലോസ്, ബിനിൽകുമാർ, റെയ്ച്ചൽ തോമസ്, വാർഡ് മെമ്പർ വിലാസിനി ഷാജി, സി.എച്ച്.സി. മെഡിക്കൽ ആഫീസർ ഡോ.സുനിതാകുമാരി, ഡോ. മാമ്മൻ പി. ചെറിയൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സതീഷ് കുമാർ, മറിയാമ്മ സാമുവൽ, പി.ആർ.ഓ ജി.സുധീഷ് എന്നിവർ പ്രസംഗിച്ചു.
കേന്ദ്രത്തിന്റെ പ്രത്യേകത
കുഞ്ഞുങ്ങളെ ആകർഷിക്കാനായി കാർട്ടൂൺചിത്രങ്ങൾ, കളിപ്പാട്ടങ്ങൾ, വാക്‌സിൻ സൂക്ഷിക്കാനായി ശീതീകരിച്ചമുറി, കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമാർക്കായി ശീതീകരിച്ച് സജ്ജീകരിച്ച മുറി.