പത്തനംതിട്ട: കാലിത്തീറ്റയ്ക്ക് വില കൂടിയതിനാൽ മൂലം മിൽമ പാലിന്റെ വിലയിലും ഗണ്യമായ വർദ്ധനവിന് സാദ്ധ്യത. പാൽ വില കൂട്ടണമെന്ന് കർഷകർ നിരന്തരം ആവശ്യപ്പെടുകയാണ്. 50 കിലോ കാലിത്തീറ്റയ്ക്ക് 1120 രൂപയാണ് ഇപ്പോൾ. രണ്ട് മാസം മുമ്പ് ഇത് 1070 രൂപ ആയിരുന്നു. പാൽ വില വർദ്ധിപ്പിക്കണമെന്ന കർഷകരുടെ ആവശ്യം ന്യായമാണെന്ന് മിൽമ അധികൃതർ സമ്മതിയ്ക്കുന്നുണ്ട്.
മിൽമ ലിറ്ററിന് 35 രൂപയ്ക്കാണ് കർഷകരിൽ നിന്ന് പാൽ വാങ്ങുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ നിന്ന് 22 രൂപയ്ക്ക് വാങ്ങുന്ന പാൽ 42 രൂപയ്ക്കാണ് സ്വകാര്യ കമ്പനിക്കാർ വിൽക്കുന്നത്. ഇതോടൊപ്പം മായം കലർന്ന പാലും വിറ്റഴിക്കുന്നുണ്ട്. വിൽപ്പനക്കാർക്ക് കൂടുതൽ കമ്മീഷനും നൽകും. വില വർദ്ധനവ് മുതലെടുത്ത് സ്വകാര്യലോബി മായം കലർന്ന പാൽ വിൽപ്പനയ്ക്ക് എത്തിക്കുമെന്ന ആശങ്കയുമില്ലാതില്ല.
സംസ്ഥാനത്തെ ചില സ്വകാര്യ ഫാമുകൾ തമിഴ്‌നാട്ടിൽ നിന്ന് ഗുണമേന്മ ഇല്ലാത്ത പാൽ എത്തിച്ച് പ്രാദേശികമായ പേരിൽ വിറ്റഴിച്ച് ജനങ്ങളെ വഞ്ചിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
കണിക്കണ്ടുണരാൻ കൂടുതൽ പണം നൽകണം,
മിൽമ കാലിതീറ്റ ഫാക്ടറിയും
നഷ്ടത്തിൽ
ജില്ലയിൽ മിൽമ
175 ക്ഷീര സംഘങ്ങളിലൂടെ പ്രതിദിനം 42000 ലിറ്റർ
പാൽ സംഭരിക്കുന്നു. പ്രതിദിനം 60000 ലിറ്റർ ഉൽപാദന ശേഷിയുള്ള ഡെയറിയിൽ നിന്ന് ശരാശരി 67000 ലിറ്റർ ടോൺഡ് മിൽക്ക് വിപണനം ചെയ്യുന്നു. ടോൺഡ് തൈര്, കപ്പ് തൈര്, പേട, ജാക്ക് ഫ്രൂട്ട് പേട, പനീർ, നെയ്യ്, സംഭാരം, ലസി, ഫ്ളവേർഡ് മിൽക്ക് എന്നീ പാൽ ഉൽപന്നങ്ങളും വിപണിയിൽ എത്തിക്കുന്നു.
110 കോടി വിറ്റുവരവ്
2018-19 സാമ്പത്തിക വർഷത്തെ കണക്കിൽ 110 കോടി രൂപയാണ് പത്തനംതിട്ട ഡെയറിയുടെ വിറ്റുവരവ്. ദക്ഷിണ കേരളത്തിൽ 5000വും ജില്ലയിൽ 600 ഉം കന്നുകുട്ടികളെയാണ് ദത്തെടുക്കുന്നത്. രണ്ടു സാമ്പത്തിക വർഷങ്ങളിലായി ഏകദേശം 8 കോടിയോളം രൂപ ഈയിനത്തിൽ വകയിരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം മേഖല യൂണിയന്റെ മൂന്നാമത്തെ ഡെയറിയായി 2010 മാർച്ച് 30ന് ആണ് പത്തനംതിട്ട ഡെയറി പ്രവർത്തനം ആരംഭിക്കുന്നത്.
50 കിലോ കാലിത്തീറ്റ :
പുതിയ വില - 1120 ₹
പഴയ വില - 1070 ₹
" മിൽമ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പാൽവില വർദ്ധിപ്പിക്കേണ്ടി വരും. കാലിത്തീറ്റയ്ക്ക് വില വർദ്ധിച്ചതിനാൽ കർഷകർക്ക് ബുദ്ധിമുട്ടാണ്. അത് ന്യായവുമാണ്. ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല."
കല്ലട രമേശ്
മിൽമ തിരുവനന്തപുരം മേഖലാ ചെയർമാൻ