agriculture

തിരുവല്ല: മണ്ണിടിച്ചിൽ തടയാനും യാത്രാസൗകര്യം മെച്ചപ്പെടുത്താനുമായി പെരിങ്ങര തോടിന്റെ സംരക്ഷണ ഭിത്തിയുടെ നിർമാണം തുടങ്ങി. ചെറുമുട്ടാടത്ത് പടി - പെരുമ്പറ പടി റോഡിൽ കൃഷ്ണപാദം പാലത്തിൽ നിന്ന് 40 മീറ്റർ നീളത്തിലും ഒരു മീറ്റർ വീതിയിലുമാണ് സംരക്ഷണ ഭിത്തി നിർമിക്കുന്നത്‌. പ്രധാനമന്ത്രി കൃഷി സിഞ്ച് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം. സംരക്ഷണ ഭിത്തി ഇല്ലാതിരുന്നതിനാൽ ഈ ഭാഗത്തെ റോഡ് ഇടിഞ്ഞു താഴ്ന്നിരുന്നു. കൂടാതെ വരാൽപ്പാടത്തെ നെൽകൃഷിക്ക് ആവശ്യമായ വെള്ളം തോട്ടിൽ നിന്ന് എത്തിച്ചിരുന്ന കലുങ്കിന്റെയും വാച്ചാലിന്റെയും ശോച്യാവസ്ഥ കൃഷിക്ക് തിരിച്ചടിയായിരുന്നു. കലുങ്ക് ബലപ്പെടുത്തുന്ന ജോലികളും മോട്ടോർ തറ ഉയർത്തിയുള്ള നവീകരണ പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കും. തോട്ടിൽ നാലടി താഴ്ചയിൽ തെങ്ങിൻ കുറ്റി അടിച്ച് താഴ്ത്തി തിട്ട ബലപ്പെടുത്തിയ ശേഷമാണ് പണികൾ ആരംഭിച്ചത്. തിട്ട ഇടിഞ്ഞ് അപകടാവസ്ഥയിലായ കലുങ്കിന്റെ അടിവശവും വാച്ചാലും കരിങ്കൽ ഉപയോഗിച്ച് കെട്ടി ബലപ്പെടുത്തുന്ന പണികളും തുടങ്ങിയിട്ടുണ്ട്. കൃഷ്ണപാദം പാലത്തിൽ നിന്നുള്ള റോഡിന്റെ തുടക്ക ഭാഗത്തെ കുത്തനെയുള്ള ചരിവ് മണ്ണിട്ട് ഉയർത്തി കുറയ്ക്കും. കാലാവസ്ഥ അനുകൂലമായാൽ ഈമാസം അവസാനത്തോടെ പണികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പൻ കുര്യൻ പറഞ്ഞു.